ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം കൂടുതൽ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി പൈലറ്റുകളെ പരിശീലിപ്പിക്കും.
കഴിഞ്ഞ ദിവസം വെർച്വലായി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിയറ്റ്നാം പ്രതിരോധമന്ത്രി ജനറൽ ഗോ ഷ്വാൻ ലിച്ചും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് ഇരുരാജ്യങ്ങളും ചേർന്ന് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. മാത്രമല്ല, കപ്പലുകൾ, മുങ്ങികപ്പലുകൾ എന്നിവയുടെ നിർമാണ രംഗത്തും ഇന്ത്യയും വിയറ്റ്നാമും പരസ്പരം സഹകരണത്തിനു പദ്ധതിയിട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ മേഖലയിലെ ബന്ധം ശക്തമായി നിലനിർത്താൻ സാധിച്ചതിൽ ഇന്ത്യയിലെയും വിയറ്റ്നാമിലെയും പ്രതിരോധ മന്ത്രിമാർ സംതൃപ്തിയറിയിച്ചു.
വിയറ്റ്നാമീസ് സായുധ സേനയുടെ നവീകരണത്തിനു ഇന്ത്യയുടെ എല്ലാവിധ പിന്തുണയുമുണ്ടായിരിക്കുമെന്ന് ഇന്ത്യ ഉറപ്പുനൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വിയറ്റ്നാമിന്റെ അധ്യക്ഷതയിൽ ഡിസംബർ പത്തിന് വെർച്വലായി നടക്കുന്ന ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെ വിയറ്റ്നാം പ്രതിരോധമന്ത്രി ജനറൽ ഗോ ഷ്വാൻ ലിച്ചു ക്ഷണിച്ചിട്ടുണ്ട്.









Discussion about this post