ആമസോൺ, ഫ്ലിപ്കാർട്ട് മാതൃകയിൽ സർക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു. ഇത് വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ 11 അംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിർമാണത്തിനായി രൂപീകരിച്ച സമിതിയിലേക്ക് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ഡേൽ വാളടക്കമുള്ളവരെയാണ് നിയമിച്ചിട്ടുള്ളത്.
സർക്കാർ പുതിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം സജ്ജമാക്കാനൊരുങ്ങുന്നത് ആഭ്യന്തര വാണിജ്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഇ-കൊമേഴ്സ് ഭീമന്മാരെ പിടിച്ചു കെട്ടുന്നതിനും വേണ്ടിയാണ്. സർക്കാരിന്റെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം നിർമാണത്തിന് നേതൃത്വം നൽകുക ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്ത്യൻ ട്രേഡ് (ഡിപിഐഐടി) ആയിരിക്കും.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിനായി രൂപീകരിച്ച സമിതിയിൽ വാണിജ്യ-വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിവരസാങ്കേതിക വിദ്യാ രംഗത്തെ വിദഗ്ധർ, നീതി ആയോഗ് ഉദ്യോഗസ്ഥർ, ഗുണനിലവാരം നിർണയിക്കുന്ന വിദഗ്ധർ എന്നിവരുമുൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോമിന്റെ അടിസ്ഥാന വികസനമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയമായിരിക്കും നേതൃത്വം നൽകുക.
Discussion about this post