ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനത്തിൽ സസ്പെൻസ് നിലനിർത്തി തമിഴ് സൂപ്പർ താരം രജനികാന്ത്. വിഷയത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രജനി മക്കൾ മണ്ഡ്രം ജില്ലാ സെക്രട്ടറിമാരുമായി അദ്ദേഹം ചർച്ച നടത്തി.
ചെന്നൈയിലെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിൽ രജനിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രധാനമായ ചർച്ചകൾ നടന്നു. ജില്ലാ സെക്രട്ടറിമാരുമായി ആശയ വിനിമയം നടത്തിയെന്നും എന്ത് തീരുമാനത്തിനും അവർ പിന്തുണ അറിയിച്ചതായും രജനികാന്ത് പറഞ്ഞു. ഒട്ടും വൈകാതെ തീരുമാനം ഉണ്ടാകുമെന്ന് യോഗത്തിന് ശേഷം പോയസ് ഗാർഡനിലെ വസതിയിൽ വെച്ച് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം 2021 ജനുവരിയിൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം രജനികാന്ത് നടത്തിയേക്കുമെന്നാണ് സൂചന. രജനികാന്ത് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന സൂചനകൾ ശക്തമാണ്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ രജനികാന്തുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന തീരുമാനം യുക്തമായ സമയത്ത് പ്രഖ്യാപിക്കപ്പെടുമെന്നും പ്രവർത്തകർ പ്രചാരണ പരിപാടികളിൽ വ്യാപൃതരാകാനും അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും കൃഷ്ണാർജ്ജുനന്മാരോട് ഉപമിച്ച രജനികാന്ത് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ സാധ്യത ഏറെയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post