ലണ്ടൻ: ബഹുരാഷ്ട്ര മരുന്നു കമ്പനിയായ ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ബ്രിട്ടൻ. വാക്സിൻ അടുത്ത ആഴ്ച മുതൽ ഉപയോഗിച്ചു തുടങ്ങുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
മുൻഗണനാ ക്രമത്തിലായിരിക്കും വാക്സിൻ നൽകുക. കോവിഡ് വാക്സിൻ ഉപയോഗത്തിനു അനുമതി നൽകുന്ന ആദ്യ പാശ്ചാത്യ രാജ്യമാണ് ബ്രിട്ടൻ. നേരത്തെ, കോവിഡ് വാക്സിൻ വിതരണത്തിനായി ഒരുങ്ങാൻ ബ്രിട്ടനിലെ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിരുന്നു. 10 ദിവസത്തിനുള്ളിൽ ഫൈസർ/ബയോടെക് വാക്സിൻ ബ്രിട്ടനിൽ വിതരണത്തിനെത്തിക്കുമെന്ന് എൻഎച്ച്എസിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്സിൻ, മുൻഗണനാ പട്ടികയിലുള്ളവരിൽ ആർക്ക് ആദ്യം നൽകണമെന്നത് സംബന്ധിച്ച് വാക്സിൻ കമ്മിറ്റി തീരുമാനമെടുക്കും. ബ്രിട്ടന്റെ ഈ തീരുമാനം ചരിത്രനിമിഷമാണെന്ന് ഫൈസർ പ്രതികരിച്ചു.
കഴിഞ്ഞ മാസം ആദ്യം, വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് ഫൈസർ അറിയിച്ചിരുന്നു. മാത്രമല്ല, ജർമൻ പങ്കാളിയായ ബയോടെകുമായി ചേർന്ന് നടത്തിയ ക്ലിനിക്കൽ ട്രയലിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉള്ളതായി കണ്ടെത്തിയില്ലെന്നും കമ്പനി വ്യക്തമാക്കി.
Discussion about this post