തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോകുമെന്ന സൂചനകൾ ലഭിച്ചതിനെ തുടർന്ന് 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം. തിരുവനന്തപുരം നെയ്യാറ്റിൻകര മേഖലയിലൂടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്ന് നേരത്തെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തെക്കൻ ജില്ലകളിലെ 48 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.
കന്യാകുമാരിക്ക് 700 കിലോമീറ്ററും ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും അകലെയാണ് ഇപ്പോൾ ചുഴലിക്കാറ്റെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. നിലവിൽ, മണിക്കൂറിൽ 11 കിലോമീറ്ററാണ് കാറ്റിന്റെ വേഗത. കാറ്റിന്റെ ശക്തി അടുത്ത 12 മണിക്കൂറിനകം വർധിക്കും. ഇന്ന് വൈകീട്ടോടെ ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരം കടക്കുമെന്നാണ് റിപ്പോർട്ടുകൾ. അപ്പോൾ കാറ്റിനു മണിക്കൂറിൽ 95 കിലോമീറ്റർ വേഗതയാവും ഉണ്ടായിരിക്കുക. നാളെ ചുഴലിക്കാറ്റ് കന്യാകുമാരിയിലെത്തും.
വെള്ളിയാഴ്ച പുലർച്ചയോടെ ചുഴലിക്കാറ്റ് കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. ചുഴലിക്കാറ്റിന്റെ പശ്ചാതലത്തിൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.











