ന്യൂഡൽഹി: പോലീസ് സ്റ്റേഷനുകളിലെ ലോക്കപ്പിലും പ്രതികളെ ചോദ്യം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണമെന്ന് ഉത്തരവിട്ട് സുപ്രീം കോടതി. കസ്റ്റഡിയിലുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നുവെന്ന പരാതി പരിഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.
എൻഫോഴ്സ്മെന്റ്, എൻ.ഐ.എ, സിബിഐ മുതലായ എല്ലാ വിഭാഗത്തിലും ഇത് ബാധകമായിരിക്കും. എല്ലാ ഇന്ററോഗേഷൻ റൂമുകളിലും സിസിടിവിയും ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനവും സംസ്ഥാന സർക്കാരുകൾ സ്ഥാപിക്കണം. ചോദ്യം ചെയ്യുന്ന മുറി, ലോക്കപ്പ്, പ്രവേശനകവാടം, ഇടനാഴികൾ, ഇൻസ്പെക്ടർമാരുടെ മുറികൾ എന്നിവിടങ്ങളിൽ എല്ലായിടത്തും ക്യാമറകൾ സ്ഥാപിക്കണമെന്ന് കോടതി വിശദമാക്കി.
ഓഡിയോ റെക്കോർഡുകൾ 18 മാസം വരെ സൂക്ഷിക്കണമെന്നും, ഉത്തരവ് നടപ്പാക്കുന്നതു സംബന്ധിച്ച് ആറാഴ്ചയ്ക്കുള്ളിൽ സംസ്ഥാനങ്ങൾ കർമ്മപദ്ധതി തയ്യാറാക്കി സമർപ്പിക്കണമെന്നും കോടതി പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. പഞ്ചാബിൽ നടന്ന കസ്റ്റഡി മർദനം സംബന്ധിച്ച് ഹർജിയിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഉത്തരവ്.
Discussion about this post