ചെന്നൈ: തമിഴ്നാട്ടിൽ ഭരണം പിടിക്കുമെന്ന് സൂപ്പർ താരം രജനികാന്ത്. ആത്മീയ രാഷ്ട്രീയം വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്തിയ ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ജനുവരിയിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഡിസംബർ 31ന് ഉണ്ടാകുമെന്നും താരം അറിയിച്ചു.
രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് രജനി മക്കൾ മണ്ഡ്രത്തിന്റെ ജില്ലാ ഭാരവാഹികളുടെ ഒരു യോഗം കഴിഞ്ഞ ദിവസം ചേർന്നിരുന്നു. ഈ യോഗത്തിൽ സുപ്രധാനമായ തീരുമാനം കൈക്കൊണ്ടതായാണ് വിവരം. രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ഏത് തീരുമാനത്തിനും മണ്ഡ്രം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചതായി താരം അറിയിച്ചിരുന്നു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ സത്യസന്ധവും ധാർമ്മികവും സുതാര്യവും അഴിമതി രഹിതവും ആത്മീയവുമായ രാഷ്ട്രീയം തമിഴ്നാട്ടിൽ ഉരുത്തിരിയുമെന്നും രജനികാന്ത് വ്യക്തമാക്കി.
അതേസമയം രജനികാന്തിന്റെ പ്രഖ്യാപനത്തെ വലിയ പ്രതീക്ഷയോടെയാണ് ബിജെപി നേതൃത്വം നോക്കിക്കാണുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തര മന്ത്രി അമിത് ഷായുമായും മികച്ച വ്യക്തിബന്ധമാണ് രജനികാന്തിനുള്ളത്. രജനികാന്തിന്റെ നയങ്ങൾ ബിജെപിയുടെ ആശയങ്ങളുമായി ഒത്തു പോകുന്നതാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Discussion about this post