ഇടുക്കി: മൂന്നാറിലെ പള്ളി വക കെട്ടിടത്തിൽ നിന്നും യുവാവിനെ ഒഴിപ്പിക്കാൻ കൊട്ടേഷൻ നൽകിയ സംഭവത്തിൽ പ്രതികളെ പിടികൂടാതെ പോലീസ്. സംഭവത്തിനു പിന്നിൽ സിപിഐഎം പ്രവർത്തകർ ഉൾപ്പെട്ടിട്ടുള്ളതിനാൽ കേസ് നടപടിയെടുക്കാതെ ഒതുക്കിതീർക്കാൻ പോലീസ് ശ്രമിക്കുകയാണെന്നാണ് ലഭ്യമായ വിവരങ്ങൾ.
മൂന്നാർ മൗണ്ട് കാർമൽ ദേവാലയത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് 12 പേരടങ്ങുന്ന സംഘം ഒരാഴ്ച മുമ്പാണ് യുവാവിനെ ആക്രമിച്ചത്. പുലർച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കടയിൽ ഉറങ്ങിക്കിടന്നിരുന്ന യുവാവിനെ വിളിച്ചുണർത്തി ഗുണ്ടാസംഘം വാളുപയോഗിച്ച് വെട്ടുകയും, കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിക്കുകയും, കാല് തല്ലിയൊടിക്കുകയും ചെയ്യുകയായിരുന്നു.
രക്ഷപ്പെട്ട് ഓടിയ യുവാവിനെ പെരിയ പാലത്തിലിട്ടും തുടർന്ന് ദേവാലയത്തിനു സമീപത്തെ കെട്ടിടത്തിൽ പൂട്ടിയിട്ടും മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പ്രതികളിൽ ഏഴുപേരെ യുവാവിന്റെ മൊഴിപ്രകാരം പോലീസ് കണ്ടെത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ സിപിഎം പ്രവർത്തകരായതിനാൽ ഉന്നത അധികൃതരുടെ ഇടപെടൽ കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് ആരോപണം.
Discussion about this post