ദോഹ: മൂന്നര വർഷമായി സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈറ്റിന് നന്ദി പറയുന്നതായും ഖത്തർ അറിയിച്ചിട്ടുണ്ട്.
ഈ ശ്രമങ്ങൾക്ക് പിന്തുണ നൽകിയ അമേരിക്കയേയും ഖത്തർ അഭിനന്ദിച്ചു. ഇതിനു പിന്നാലെ, കുവൈറ്റ് മാധ്യസ്ഥത്തെ പ്രശംസിച്ച് ഐക്യരാഷ്ട്രസംഘടനയും രംഗത്തെത്തി. അതേസമയം, ഉപരോധം നീക്കിയെന്നും അതിർത്തികൾ തുറന്നെന്നുമുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്കും കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും സഹകരണ കൗൺസിലിലെ സഹോദര രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാൻ തയ്യാറായതിനു പരസ്പരം നന്ദി അറിയിച്ചു.
തീവ്രവാദ ബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹറിൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത് 2017 ജൂൺ അഞ്ചിനാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനു ശേഷമേ അന്ന് നിർത്തിവെച്ച രാഷ്ട്രീയ നയതന്ത്ര ബന്ധങ്ങൾ ഉടൻ പുനരാരംഭിക്കുമോയെന്ന് സ്ഥിരീകരിക്കാനാവൂ. ആദ്യ ഘട്ടമായി യാത്രാവിലക്ക് നീക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ.
Discussion about this post