ഏലൂർ: ആന്ധ്രാ പ്രദേശിലെ ഏലൂരിൽ അജ്ഞാത രോഗം പടരുന്നത് പരിഭ്രാന്തി സൃഷ്ടിക്കുന്നു. രോഗം ബാധിച്ച് ഒരാൾ മരിക്കുകയും മുന്നോറോളം പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നതാണ് സംസ്ഥാനത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്നത്.
അപസ്മാരത്തിനും പേവിഷ ബാധയ്ക്കും സമാനമായ ലക്ഷണമാണ് രോഗികളിൽ ചിലർ പ്രകടമാക്കുന്നത്. ഛർദ്ദിയും ചിലരിൽ പ്രകടമാണ്. കുടിവെള്ളത്തില്‍ നിന്നുണ്ടായ അണുബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മലിനജലത്തിൽ നിന്നുമാണ് രോഗമുണ്ടായത് എന്ന് സ്ഥിരീകരിക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. ഭക്ഷണ- പാനീയങ്ങളില്‍ നിന്നുണ്ടാകുന്ന വിഷബാധയുടെ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. സമീപപ്രദേശങ്ങളില്‍ വിതരണം ചെയ്തിട്ടുള്ള പാലിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഗുരുതരമായ രോഗലക്ഷണങ്ങളോടെ വിജയവാഡ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരില്‍ നാല്‍പത്തിയഞ്ചുകാരനായ ഒരാള്‍ ഞായറാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു. രോഗികളുടെ രക്ത പരിശോധന, സിടി സ്‌കാന്‍ എന്നിവയുടെ ഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഡോക്ടര്‍മാര്‍. പേവിഷ ബാധ, മെനിഞ്ജൈറ്റിസ് എന്നിവയ്ക്കുള്ള സെറിബ്രല്‍ സ്‌പൈനല്‍ ഫ്‌ളൂയിഡ്’ ടെസ്റ്റ് നടത്തി. എന്നാൽ ഇവയുടെ ഫലത്തിൽ കുഴപ്പമൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.
സംസ്ഥാന സർക്കാർ ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘം ആന്ധ്രയിൽ എത്തിയിട്ടുണ്ട്. ‘നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍’, ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി‘ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘം ഏലൂരിൽ ക്യാമ്പ് ചെയ്യുകയാണ്.
Discussion about this post