കാൻബെറെ: ചൈനയ്ക്കെതിരെ വിദേശനയം ശക്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് നേരിട്ട് ഏതു രാജ്യവുമായുള്ള കരാറും റദ്ദാക്കാൻ അവകാശം നൽകുന്ന പുതിയ നിയമം പാസാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ പാർലമെന്റ്.
ഇതിനു പിന്നാലെ, 5ജി കരാറിൽ ചൈനയുമായുള്ള പങ്കാളിത്തം ഓസ്ട്രേലിയ ഉപേക്ഷിച്ചു. കോവിഡിനു മുമ്പുതന്നെ ഓസ്ട്രേലിയൻ പാർലമെന്റ് രേഖകൾ സൈബർ ആക്രമണങ്ങളിലൂടെ കൈക്കലാക്കിയതിന് ചൈനക്കെതിരെ ഓസ്ട്രേലിയ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനുള്ള പ്രതികാര നടപടിയെന്നോണം അഫ്ഗാനിൽ ഓസ്ട്രേലിയൻ സൈനികർ നിരപരാധികളെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന വാർത്തകളുമായി ചൈന രംഗത്ത് വരികയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ, ഓസ്ട്രേലിയൻ സൈനികൻ ഒരു അഫ്ഗാൻ ബാലനെ കഴുത്തറക്കാൻ ശ്രമിക്കുകയാണെന്ന് തോന്നിപ്പിക്കുന്ന വ്യാജചിത്രം ചൈനീസ് വിദേശകാര്യ മന്ത്രി പ്രചരിപ്പിച്ചതും ഓസ്ട്രേലിയയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവർത്തികൾ തീർത്തും പ്രകോപനപരമാണെന്നും ഒരു കാരണവശാലും ഇത് ന്യായീകരിക്കാനാവില്ലെന്നുമാണ് സംഭവത്തിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അന്ന് പ്രതികരിച്ചത്.












