ഹൈദരാബാദ്: വിവിധ രാജ്യങ്ങളിൽ നിന്നുള്ള 64 നയതന്ത്ര പ്രതിനിധികൾ ഹൈദരാബാദിലെത്തി. ഹൈദരാബാദിൽ കോവിഡ് വികസിപ്പിക്കുന്ന രണ്ട് പ്രധാന കമ്പനികൾ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും അടങ്ങുന്ന സംഘം ഹൈദരാബാദിലെത്തിയിട്ടുള്ളത്.
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്, ബയോളജിക്കൽ ഇ എന്നീ കമ്പനികളായിരിക്കും ഇവർ സന്ദർശിക്കുക. ഐസിഎംആറുമായി ചേർന്ന് ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നത് ഭാരത് ബയോടെക്കാണ്. വാക്സിൻ അംഗീകാരത്തിനായി ഇവർ സമർപ്പിച്ച അപേക്ഷ വിദഗ്ധസമിതി പരിശോധിക്കും. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷയും ബുധനാഴ്ച പരിഗണിക്കുന്നുണ്ട്. അമേരിക്കയിൽ നിന്നുള്ള വിദഗ്ധർ എത്താത്തതിനാൽ ഫൈസറിന്റെ അപേക്ഷ പരിഗണിക്കില്ലെന്നാണ് ലഭ്യമായ വിവരങ്ങൾ. മനുഷ്യരിൽ ബയോളജിക്കൽ ഇ എന്ന കമ്പനി വാക്സിൻ പരീക്ഷണം ആരംഭിച്ചത് നവംബറിലാണ്.
ഫലം ഫെബ്രുവരിയോടെ അറിയുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഹൂസ്റ്റണിലെ ബയ്ലർ കോളേജ് ഓഫ് മെഡിസിനുമായി ചേർന്നാണ് ഈ കമ്പനി വാക്സിൻ വികസിപ്പിച്ചത്.
Discussion about this post