ന്യൂഡൽഹി: 26/11 ആക്രമണത്തിന്റെ സൂത്രധാരൻ സാക്കിയുർ റഹ്‌മാൻ ലഖ്‌വിക്ക് പ്രതിമാസം ചെലവിന് 1.5 ലക്ഷം രൂപ അനുവദിച്ച യുഎൻ രക്ഷാ കൗൺസിൽ ഉപരോധ സമിതിയുടെ നടപടിയിൽ കനത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ.
ഭക്ഷണത്തിന് 50,000 രൂപ, മരുന്നിന് 45,000 രൂപ, മറ്റാവശ്യങ്ങൾക്ക് 20,000 രൂപ, അഭിഭാഷക ഫീസ് 20,000 രൂപ, ഗതാഗതത്തിന് 15,000 രൂപ എന്നിങ്ങനെയാണ് സാക്കിയുർ റഹ്‌മാൻ ലഖ്‌വിക്ക് അനുവദിച്ചിട്ടുള്ള തുക. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ പാക് സർക്കാർ യുഎൻ സമിതിക്ക് അപേക്ഷ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് 1.5 ലക്ഷം പാകിസ്ഥാൻ റുപ്പി നൽകാൻ സമിതി അനുമതി നൽകിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിനു ശേഷം യുഎൻ സമിതി ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്ന ലഖ്‌വി 2015 മുതൽ ജാമ്യത്തിലാണ്.
നേരത്തെ, ലഖ്‌വിയുടെ ജയിൽവാസം തട്ടിപ്പാണെന്ന ആരോപണവുമായി ഇന്ത്യ രംഗത്തുവന്നിരുന്നു. അതേസമയം, ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ആണവ ശാസ്ത്രജ്ഞനായ മഹമൂദ് സുൽത്താൻ ബാഷിറുദീനു മാസച്ചെലവിന് പണം നൽകാനും യുഎൻ സമിതി അനുമതി നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസംഘടനയുടെ പട്ടികയിലുള്ള ഉമ്മാ തമീർ ഇ നൗ എന്ന സംഘടനയുടെ സ്ഥാപകനാണ് മഹമൂദ്.
Discussion about this post