കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ വാഹനം ആക്രമിച്ച സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊൽക്കത്ത പോലീസ് സ്വമേധയാ, കല്ലേറ് നടത്തിയവരിൽ തിരിച്ചറിയാത്തവർക്കെതിരെ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം, ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രാമദ്ധ്യേയാണ് നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെ തൃണമൂൽ ‘ഗുണ്ടകളുടെ’ ആക്രമണമുണ്ടായത്. നദ്ദയ്ക്കൊപ്പം ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയ ഉൾപ്പെടെയുള്ള നേതാക്കളുമുണ്ടായിരുന്നു. സംഭവത്തിൽ പശ്ചിമബംഗാളിൽ ക്രമസമാധാനനില തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ജഗദീപ് ധൻകർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നദ്ദയുടെ വാഹനം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചിരുന്നു.
പ്രദേശത്ത് നദ്ദയുടെ വാഹനം കടന്നു പോകുന്ന സമയം ഇരുന്നൂറോളം ആളുകളാണ് ഉണ്ടായിരുന്നതെന്നും ഇവർ വടികളും കരിങ്കൊടിയുമായി മുദ്രാവാക്യം മുഴക്കിയെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
Discussion about this post