തിരുവനന്തപുരം : പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത.എസ്. നായരുൾപ്പെടെ മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. കുന്നത്തുകാൽ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കേസിലെ ഒന്നാം പ്രതി.
ബിവറേജസ് കോർപ്പറേഷൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തതായി ഓലത്താന്നി സ്വദേശി അരുൺ പരാതി നൽകിയിരുന്നു. ഈ പരാതിയിന്മേലാണ് നടപടി. ഒന്നാം പ്രതി രതീഷാണ് പണം വാങ്ങിയതെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. കേസിലെ രണ്ടാം പ്രതിയാണ് സരിത. മുമ്പ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വാതന്ത്രനായി മത്സരിച്ചിട്ടുള്ള ഷാജു പാലിയോടാണ് മൂന്നാം പ്രതി.
ബെവ്‌കോയിൽ ജോലി നൽകാമെന്ന് ഉറപ്പ് പറഞ്ഞതോടെ പലപ്പോഴായി പണം നൽകിയെന്നും എന്നാൽ, വ്യാജ ഉത്തരവ് നൽകി തന്നെ പ്രതികൾ വഞ്ചിക്കുകയായിരുന്നുവെന്നും പരാതിയിൽ അരുൺ പറയുന്നു. അരുൺ നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് പരാതി നൽകിയിട്ടുള്ളത്. ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ രതീഷും ഒരു ലക്ഷം രൂപ സരിതയും വാങ്ങിയെന്ന് പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.











