വാഷിങ്ടണ്‍: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത് ഇലക്ട്രല്‍ കോളേജ്. അദ്ദേഹത്തിന് 306 വോട്ടുകളുടെ ശക്തമായ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം നല്‍കുകയും കഴിഞ്ഞ മാസത്തെ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിജയം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് തോല്‍വി സമ്മതിക്കേണ്ട സാഹചര്യമായിരിക്കുകയാണ്. പുതിയ വൈസ് പ്രസിഡന്റായി കമലാ ഹാരിസിനെയും തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് തന്റെ വിജയത്തിന്റെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിക്കുകയും ഇലക്ടറല്‍ കോളേജ് തന്റെ വിജയം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം ഫലം അംഗീകരിക്കാന്‍ അമേരിക്കന്‍ ജനതയോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
വെല്ലുവിളികള്‍ക്കിടയിലും ജനാധിപത്യ പ്രക്രിയ വിജയിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൈഡന് പ്രതികരിച്ചു. എല്ലാ അമേരിക്കക്കാര്‍ക്കും, തന്നോട് യോജിക്കാത്തവര്‍ക്ക് പോലും താന്‍ പ്രസിഡന്റാകുമെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയേയും അതുമൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയേയും നേരിടുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
“ഒരിക്കല്‍ കൂടി അമേരിക്കയില്‍ നിയമവാഴ്ചയും ഭരണഘടനയും ജനങ്ങളുടെ ആഗ്രഹവും വ്യക്തമായി. ഇവിടെ ജനാധിപത്യത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുകയും അതിന് ഭീഷണി നേരിടേണ്ടി വരികയും ജനാധിപത്യം വലിയൊരളവില്‍ പരീക്ഷിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ജനാധിപത്യം ശക്തവും സത്യവുമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു,” ബൈഡന് പറഞ്ഞു.
നവംബര്‍ 3ന് നടന്ന പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് ഭൂരിപക്ഷം ഉള്ളതായി വ്യക്തമായതിനെ തുടര്‍ന്നാണ് ഇലക്ട്രല്‍ കോളേജ് അദ്ദേഹത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചത്. 306 ഇലക്ട്രല്‍ വോട്ടുകളാണ് നിലവില്‍ ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളുമാണ് ലഭിച്ചത്.
Discussion about this post