കൊൽക്കത്ത: പശ്ചിമബംഗാളിൽ മന്ത്രിസ്ഥാനം രാജിവച്ച സുവേന്ദു അധികാരി ഈയാഴ്ച ബിജെപിയിൽ ചേർന്നേക്കും. ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് ഒടുവിലാണ് സുവേന്ദു ബിജെപിയിൽ ഔദ്യോഗികമായി ചേരാനൊരുങ്ങുന്നത്. ഈയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാൾ സന്ദർശിക്കാനിരിക്കുകയാണ്.
ഈ അവസരത്തിലാകും സുവേന്ദു അധികാരിയുടെ ഔദ്യോഗിക ബിജെപി പ്രവേശമെന്നാണ് റിപ്പോർട്ടുകൾ. പാർട്ടിയിൽ ചേരുന്നതിനുമുമ്പ് സുവേന്ദു അധികാരി ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നവംബർ 27-നാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനം രാജി വെച്ചത്. അതിനിടെ തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെ സുവേന്ദു സ്വന്തം നിലയ്ക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
2007-08 ൽ നന്ദിഗ്രാമിനെ ഇടതുപക്ഷത്ത് നിന്നും തൃണമൂലിന്റെ ശക്തികേന്ദ്രമാക്കി മാറ്റിയതിനു പിന്നിൽ പ്രധാനിയാണ് സുവേന്ദു. എന്നാൽ, സുവേന്ദുവിനെ നേതൃനിരയിൽ നിരന്തരം അവഗണിക്കുന്നുവെന്നാണ് പരാതി. സുവേന്ദുവിനെ മാറ്റിയാണ് 2011-ൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അനന്തരവനായ അഭിഷേക് ബാനർജിയെ തൃണമൂൽ കോൺഗ്രസ് യുവജന വിഭാഗത്തിന്റെ അധ്യക്ഷനാക്കിയത്.
Discussion about this post