കൊൽക്കത്ത: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. സന്ദർശനത്തിനിടെ തൃണമൂൽ വിമതൻ സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചനകൾ.
അമിത് ഷായുടെ സന്ദർശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരിൽ വെച്ചായിരിക്കും ഇരുവരും ഒരുമിച്ച് വേദി പങ്കിടുക. തൃണമൂൽ കോൺഗ്രസിന്റെ നന്ദിഗ്രാം എംഎൽഎയാണ് സുവേന്ദു. നവംബർ 27-നാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അദ്ദേഹം ഗതാഗത-ജലവിഭവ വകുപ്പ് മന്ത്രി സ്ഥാനം രാജി വെച്ചത്. അതിനിടെ തൃണമൂലിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെ സുവേന്ദു സ്വന്തം നിലയ്ക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സുവേന്ദു ബിജെപിയിൽ ചേരാൻ തീരുമാനിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.
അതേസമയം, ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബിജെപി ദേശീയ നേതാക്കൾ പശ്ചിമ ബംഗാളിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. 294 സീറ്റുകളുള്ള ബംഗാളിൽ നിന്നും 200 സീറ്റുകൾ പിടിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യം. അമിത് ഷാ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും പാർട്ടി പ്രവർത്തകരെ കാണുക.











