ന്യൂഡൽഹി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് മെച്ചപ്പെട്ട ഫലം നൽകിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയറിയിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്‌നിച്ചതായി നദ്ദ ട്വിറ്ററിൽ കുറിച്ചു. മാത്രമല്ല, എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അഴിമതിയും കപട വർഗീയ രാഷ്ട്രീയവും തുറന്നുകാട്ടുന്നത് തുടരുമെന്നും അതിനാണ് ഈ ജനവിധിയെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നില മെച്ചപ്പെടുത്തിയെന്ന് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ രംഗത്തുവന്നിരുന്നു. സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂർണമായും നഷ്ടമായെന്നും പിണറായിയെ നേരിടാൻ യുഡിഎഫിൽ ഇരുന്നിട്ട് കാര്യമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
“എൻഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളിൽ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലിൽ നിന്നും വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യുഡിഎഫും എൽഡിഎഫും തമ്മിൽ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരം കോർപ്പറേഷൻ യുഡിഎഫ് സമ്പൂർണ പരാജയമായി”- കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Discussion about this post