ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗീയയുൾപ്പെടെയുള്ള 5 ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിയെടുക്കുന്നതിൽ നിന്നും ബംഗാൾ പോലീസിനെ തടഞ്ഞ് സുപ്രീം കോടതി.
അർജുൻ സിങ്, കൈലാഷ് വിജയവർഗീയ, പവൻ സിങ്, സൗരവ് സിങ്, മുകുൾ റോയ് എന്നീ ബിജെപി നേതാക്കൾ തങ്ങൾക്കെതിരെയുള്ള കേസുകൾ സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസ് അടുത്ത വാദം കേൾക്കുന്നതുവരെ 5 നേതാക്കൾക്കെതിരെയും നടപടിയെടുക്കരുതെന്ന് പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വരാൻ പോകുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധയിടങ്ങളിൽ സന്ദർശിക്കുന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരത്തിൽ കള്ളക്കേസുകൾ ചാർജ് ചെയ്തിരിക്കുന്നതെന്ന് കൈലാഷ് വിജയ്‍വർഗീയക്കു വേണ്ടി അഭിഭാഷകനായ പ്രശാന്ത് കുമാർ വാദിച്ചു. എംപി അർജുൻ സിങിന് വേണ്ടി കോടതിയിൽ ഹാജരായത് മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗിയാണ്. അതേസമയം, ബിജെപി നേതാവ് കബീർ ശങ്കർ ബോസ് ഫയൽ ചെയ്ത ഹർജിയും കോടതി ഇന്ന് പരിഗണിച്ചിരുന്നു.
Discussion about this post