ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ സൈന്യത്തിൽ അഴിച്ചുപണി നടത്തി ചൈന. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ തീയേറ്റർ കമാൻഡർ ഷാങ് സോങ്‌കിയെ ചൈന മാറ്റിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ട് ഇടപെട്ട് മാറ്റം നടപ്പിലാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തന്റെ അനുവാദത്തോടെ നടന്ന അതിർത്തിയിലെ നീക്കം പരാജയപ്പെട്ടത് കടുത്ത നാണക്കേടായാണ് പ്രസിഡന്റ് ഷി ജിൻപിങ് കരുതുന്നത്. ചൈനീസ് പട്ടാളത്തിലെ ഏറ്റവും ശക്തൻ എന്നറിയപ്പെട്ടിരുന്ന ഷാങിനെതിരെ നടപടിയെടുക്കാൻ പ്രസിഡണ്ടിനെ പ്രേരിപ്പിച്ചത് ഇതാണ്. കാലാവധി പൂർത്തിയാക്കാതെ അധികാരം ഒഴിയേണ്ടി വന്ന ആദ്യ വെസ്റ്റേൺ തിയേറ്റർ കമാൻഡറാണ് ഷാങ്. ജനറൽ ഴാങ് സുഡോംഗ് ആയിരിക്കും
പുതിയ കമാൻഡർ. ഴാങിനെ കമാൻഡറായി നിയമിച്ചിരിക്കുന്നത് ഇന്ത്യക്കെതിരെയുള്ള നീക്കം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെയാണ് ഴാങിനെ ജനറലായി സ്ഥാനക്കയറ്റം നൽകിയതും കമാൻഡറായി നിയമിച്ചതും. അതീവ രഹസ്യമായാണ് ഇക്കാര്യങ്ങളെല്ലാം ചൈന ചെയ്തത്. ഴാങിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചൈന പുറത്തു വിട്ടിട്ടില്ല.
Discussion about this post