ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോക്കെതിരെ ആഞ്ഞടിച്ച് ബിജെപി വിദേശകാര്യ വകുപ്പ് തലവൻ വിജയ് ചൗതായിവാല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രക്ഷാബന്ധൻ സന്ദേശമയച്ച പാക് ആക്ടിവിസ്റ്റ് കരിമ ബലൂച്ചിന്റെ മരണത്തിൽ ട്രൂഡോ പാലിക്കുന്ന നിശബ്ദതയെ ചോദ്യംചെയ്ത് രംഗത്തെത്തിയതാണ് ബിജെപി നേതാവ്.
കരിമ ബലൂച്ചിന്റെ ‘കൊലപാതകത്തിലും’ ട്രൂഡോ ആശങ്ക കാട്ടണമെന്നാണ് സംഭവത്തിൽ വിജയ് ചൗതായിവാല പ്രതികരിച്ചത്. നേരത്തെ ഇന്ത്യയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് ട്രൂഡോ രംഗത്തു വന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പാക് വംശജയുടെ കൊലപാതകത്തിലും കനേഡിയൻ പ്രധാനമന്ത്രി ആശങ്ക കാണിക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടത്.
“ഇന്ത്യയിലെ കർഷക പ്രക്ഷോഭങ്ങളെ കുറിച്ച് വിവരങ്ങൾ അറിയാതെ, വ്യക്തതകൾ ഇല്ലാതെ അഭിപ്രായങ്ങൾ പറയുന്നതിന് പകരം കരിമ ബലൂച്ചിന്റെ ‘ കൊലപാതകത്തിൽ’ ആശങ്ക കാണിക്കുക”- അദ്ദേഹം ട്വീറ്റ് ചെയ്തു. ബലൂചിസ്ഥാനിലെ പാകിസ്ഥാൻ അതിക്രമങ്ങളെക്കുറിച്ച് വർഷങ്ങളായി ശബ്ദമുയർത്തിയിരുന്ന പ്രമുഖ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കഴിഞ്ഞ ദിവസമാണ് കാനഡയിലെ ടൊറന്റോയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
Discussion about this post