ന്യൂഡൽഹി: നൂറാമത്തെ കിസാൻ റെയിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോൺഫറൻസിങിലൂടെയായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. മഹാരാഷ്ട്രയിലെ സംഗോളയിൽ നിന്നും പശ്ചിമ ബംഗാളിലെ ഷാലിമാറിലേയ്ക്കുള്ള കിസാൻ റെയിൽ പദ്ധതിയാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്.
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ എന്നിവർ പങ്കെടുത്തു. കർഷക ശാക്തീകരണത്തിനും അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കാനുമുള്ള വലിയ ചുവടുവെപ്പാണ് കിസാൻ റെയിലെന്ന് പദ്ധതി ഉദ്ഘാടനം ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല, കോവിഡ് പ്രതിസന്ധികളെല്ലാം മറികടന്ന് പദ്ധതി നടപ്പിലാക്കിയ എല്ലാവർക്കും അദ്ദേഹം നന്ദിയറിയിക്കുകയും ചെയ്തു. കിസാൻ റെയിലിന്റെ ആദ്യ പദ്ധതിക്ക് ആരംഭം കുറിക്കുന്നത് ആഗസ്റ്റ് 7 ലാണ്. ദെവ്ലാലിയിൽ നിന്നും ധനാപൂരിലേക്കായിരുന്നു സർവീസ്. പിന്നീട് ആവശ്യം കണക്കിലെടുത്ത് സർവീസ് മുസാഫർപൂർ വരെ നീട്ടി.
പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെ 27,000 ടൺ ഭക്ഷ്യവസ്തുക്കളാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നുമെത്തിയത്. കേന്ദ്ര സർക്കാർ പഴ-പച്ചക്കറി വർഗങ്ങളുടെ ചരക്ക് നീക്കത്തിന് 50 ശതമാനം സബ്സിഡി നൽകുന്നുണ്ട്.
Discussion about this post