ഡൽഹി: നൗഷേര യുദ്ധവീരൻ ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ സ്മൃതിമണ്ഡപത്തോട് ജാമിയ ശ്മശാനത്തിൽ അനാദരവ്. സ്മൃതിമണ്ഡപത്തിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അതിന്റെ പൂർണ്ണ സംരക്ഷണം ഏറ്റെടുത്ത് ബിജെപി എം പി സയീദ് സഫർ ഇസ്ലാം.
ബട്ലാ ഹൗസ് ശ്മശാനത്തിൽ കാട് മൂടിക്കിടക്കുന്ന നിലയിൽ കാണപ്പെട്ട സ്മൃതിമണ്ഡപം ശ്രദ്ധയിൽ പെട്ടതോടെ അതിന്റെ സംരക്ഷണം ഏറ്റെടുക്കാൻ സ്വമേധയാ തീരുമാനിക്കുകയായിരുന്നുവെന്ന് സഫർ ഇസ്ലാം പറഞ്ഞു. മാതൃരാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ദേശാഭിമാനികളെ ആദരിക്കുന്നതാണ് ബിജെപിയുടെ പാരമ്പര്യം. എന്റെ പാർട്ടിയുടെ ആദർശം പിന്തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. സഫർ ഇസ്ലാം എം പി പറഞ്ഞു.
1948ലെ പാക് യുദ്ധത്തിൽ ജമ്മു കശ്മീരിലെ നൗഷേരയും ഝാംഗറും തിരികെ പിടിക്കാൻ നേതൃത്വം നൽകിയ യോദ്ധാവാണ് ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ. 1942ൽ ഉത്തർ പ്രദേശിലെ അസംഗഢിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1948ൽ പാക് സേനയും ഗോത്രവർഗ്ഗക്കാരും സംയുക്തമായി നടത്തിയ ആക്രമണത്തെ ധീരമായി എതിർത്ത് തുരത്തിയ അമ്പതാം പാരച്യൂട്ട് ബ്രിഗേഡിന്റെ നായകനായിരുന്നു ഉസ്മാൻ. ഈ യുദ്ധത്തിലായിരുന്നു അദ്ദേഹം വീരമൃത്യു വരിച്ചത്. തുടർന്ന് ജാമിയ മില്ലിയ ഇസ്ലാമിയക്ക് സമീപം ബട്ല ഹൗസിൽ മൃതദേഹം സംസ്കരിക്കുകയായിരുന്നു.
പാകിസ്ഥാൻ രൂപീകരണത്തിന് ശേഷം പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന ഉസ്മാനെ പാകിസ്ഥാൻ സൈന്യത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ആ ക്ഷണം നിരസിച്ച് ഇന്ത്യയിൽ തുടരാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാന്റെ സ്മൃതിമണ്ഡപം കാട് മൂടി അന്യാധീനപ്പെട്ട് കിടക്കുന്ന ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.
Discussion about this post