ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസ്സായിരുന്നു.
അകാലിദളിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ബൂട്ടാ സിംഗ് 1960ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നു. 1962ൽ ആദ്യമായി ലോക്സഭാംഗമായി.
കേന്ദ്ര ആഭ്യന്തര മന്ത്രി, കേന്ദ്ര കൃഷി മന്ത്രി എന്നീ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് സാധിച്ചു. ദേശീയ പട്ടികജാതി കമ്മീഷൻ ചെയർപേഴ്സൺ ആയി 2007 മുതൽ 2010 വരെ പ്രവർത്തിച്ചു. പഞ്ചാബി സാഹിത്യത്തെക്കുറിച്ചും സിഖ് ചരിത്രത്തെ കുറിച്ചു നിരവധി ലേഖനങ്ങൾ രചിച്ചിട്ടുണ്ട്.
ബൂട്ടാ സിംഗിന്റെ നിര്യാണത്തിൽ നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. അനുഭവ സമ്പന്നനായ പൊതു പ്രവർത്തകനും പാവപ്പെട്ടവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവുമായിരുന്നു ബൂട്ടാ സിംഗെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖമുണ്ടെന്നും കുടുംബാംഗങ്ങളുടെയും അനുയായികളുടെയും വേദനയിൽ പങ്ക് കൊള്ളുകയാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും ബൂട്ടാ സിംഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
Discussion about this post