ഇസ്ലാമാബാദ്: ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്വി പാകിസ്ഥാനിൽ അറസ്റ്റിൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഖ്വിയെ ഭീകര പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഭീകരവിരുദ്ധ വിഭാഗമാണ് ലഖ്വിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലാഹോറിൽ ഇയാൾ നടത്തുന്ന ഡിസ്പെൻസറി വഴി വൻ തോതിൽ ഭീകരപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ചതായി കണ്ടെത്തിയിരുന്നു.
ലഷ്കർ ഇ ത്വയിബയുടെ ഓപ്പറേഷൻ കമാൻഡർ ആയ സാകി ഉർ റഹ്മാൻ ലഖ്വി യു എൻ പട്ടികയിൽ പെട്ട ഭീകരനാണ്. ഇയാളുടെ വിചാരണ ലാഹോർ ഭീകരവിരുദ്ധ കോടതിയിൽ നടക്കുമെന്നാണ് സൂചന. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട പിടിയിലായ ലഖ്വി 2015 മുതൽ ജാമ്യത്തിലാണ്.
അതേസമയം ലഖ്വിയുടെ അറസ്റ്റ് പാകിസ്ഥാന്റെ നാടകമാകാൻ സാദ്ധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു. ഭീകരർക്കെതിരെ തങ്ങൾ നടപടി എടുക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ അറസ്റ്റെന്നാണ് ഇവരുടെ നിരീക്ഷണം.
Discussion about this post