മുസ്ലിം ലീഗിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കുഞ്ഞാലിക്കുട്ടി ഒരുബിഷപിന്റെയും പാലസ് കയറിയിറങ്ങിയ ചരിത്രമില്ല. പച്ചതിരക്കി പാര്‍ലമെന്‍റില്‍ എത്തിയപ്പോള്‍ അവിടെ പച്ചയില്ലെന്ന് കണ്ടപ്പോള്‍ ഇക്കരെ പച്ചക്കുവേണ്ടിയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നത്. കുഞ്ഞാലിക്കുട്ടിയല്ല, ലീഗാണ് വരുന്നത്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പലതും മുസ്ലിം വിഭാഗങ്ങള്‍ കൊണ്ടുപോയെന്ന് ആക്ഷേപിക്കുന്ന ബിഷപുമാര്‍ തമ്മിലെ അവകാശത്തര്‍ക്കം പറഞ്ഞുതീര്‍ക്കാനുള്ള ഒത്തുതീര്‍പ്പാണിത്.
ഭൂരിപക്ഷ സമുദായഐക്യം തകര്‍ക്കാന്‍ എല്ലാ തന്ത്രവും കുതന്ത്രവും നടത്തുന്നത് ഇവരെല്ലാമാണ്. ഭൂരിപക്ഷ ഐക്യത്തിന് ആരുനേതൃത്വം നല്‍കിയാലും കാലഘട്ടത്തിന്റെ അനിവാര്യതയാണ്. വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ക്രിസ്ത്യൻ സഭകൾക്കെതിരെയും വെള്ളാപ്പള്ളി വാളെടുത്തു. ഭൂരിപക്ഷസമുദായങ്ങള്‍ തമ്മില്‍ തല്ലുകയല്ല, തമ്മില്‍ തല്ലിക്കുകയാണ്. നേരേത്ത ഉണ്ടായിരുന്ന ഐക്യമുന്നേറ്റം രാഷ്ട്രീയനേതാക്കളും ഇതരസമുദായക്കാരും ചേര്‍ന്ന് കൗശലപൂര്‍വം പൊളിക്കുകയായിരുന്നു.നായര്‍ എന്നാല്‍ എന്‍.എസ്.എസ് മാത്രമല്ല. ഭൂരിപക്ഷസമുദായ ഐക്യം വേണമെന്ന് ഹിന്ദുക്കള്‍
ആഗ്രഹിക്കുന്നുണ്ട്. ഇതിനെ തകര്‍ക്കാന്‍ രാഷ്ട്രീയക്കാര്‍ ആരും മോശമല്ല. അവര്‍ക്ക് ന്യൂനപക്ഷത്തെ തകര്‍ക്കാന്‍ കഴിയില്ല. അവര്‍ വോട്ടുബാങ്ക് മാറിയപ്പോള്‍ രാഷ്ട്രീയക്കാര്‍ സാഷ്ടാംഗ പ്രണാമം നടത്തുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിലാണ് ജനാധിപത്യം മരിച്ചുപോയത്. ഇന്നലെവരെ ക്രൈസ്തവര്‍ക്കും മുസ്ലിംകള്ക്കും ബി.ജെ.പി അലര്‍ജിയായിരുന്നു. ഇപ്പോള്‍ മുസ്ലിംകളില് ചിലര്‍ നേതൃത്വത്തിലെത്തി. ഭരണകൂടത്തിെന്റ കൂടെനിന്ന് എന്നും കാര്യങ്ങള്‍ നേടിയെടുക്കാന്‍ ക്രൈസ്തവര്‍ ബുദ്ധിമാന്മാരാണ്.
പരസ്പരം തലതല്ലിക്കീറുന്നത് നിര്‍ത്തി നിലനില്‍പിനായെങ്കിലും ഭൂരിപക്ഷസമുദായങ്ങള്‍ ഒന്നിക്കണം. മുസ്ലിം നേതാക്കള്‍ ക്രൈസ്തവസഭാ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുകയാണ്. ഇവരെ പ്രീതിപ്പെടുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മത്സരിക്കുകയാണ്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അപ്രസക്തമാകുമെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.












