കൊച്ചി∙ വായ്പയ്ക്ക് അപേക്ഷിച്ചാല്‍ മൊബൈല്‍ ഫോണിലെ ഫോട്ടോകളും ഫോണ്‍ബുക്കും അടക്കം സ്വകാര്യ വിവരങ്ങളെല്ലാം തന്നെ ആപ്പ് ചോർത്തും. തിരിച്ചടവ് വൈകിയാൽ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും മെസേജ് ചെല്ലും. ആൾ തട്ടിപ്പുകാരനാണെന്നത് മുതൽ പെൺ വാണിഭക്കാരനാണെന്നു വരെ അപവാദ പ്രചാരണം നടത്തും. പലരും ഇന്ത്യയിൽ ഇതിൽ കുടുങ്ങി ആത്മഹത്യ ചെയ്തു കഴിഞ്ഞു. വായ്പയെടുക്കുന്നവരെ മാത്രമല്ല, വ്യക്തിബന്ധമുള്ള മറ്റുള്ളവരെ കൂടി അപഹസിക്കാനും ഭീഷണിപ്പെടുത്താനും മടിക്കാത്തവരെക്കുറിച്ചുള്ള അനുഭവസാക്ഷ്യമാണ് കേള്‍ക്കുന്നത്.
ഇപ്പറഞ്ഞത് വെറുതെയല്ല, വായ്പയെടുത്തവരില്‍ ഒരാളുടെ ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരുന്നത് കൊണ്ടു മാത്രം ഭീഷണി നേരിടേണ്ടിവന്ന ഹതഭാഗ്യരും ഈ കൂട്ടത്തിലുണ്ട്.കണ്ടതിലെല്ലാം തലവച്ചു ഭാഗ്യം പരീക്ഷിക്കുന്ന മലയാളിക്ക് ആപ്പായിരിക്കുകയാണ് പുതിയ ഓണ്‍ലൈന്‍ വായ്പായിടപാട് സംഘങ്ങൾ. ഇത്തരക്കാർക്ക് ഈടുവേണ്ട, വരുമാനരേഖയൊന്നും വേണ്ട, അപേക്ഷിച്ചാല്‍ നിമിഷങ്ങള്‍ കൊണ്ട് തുക അക്കൗണ്ടില്‍ വരും. എന്നാല്‍ പലിശക്കണക്ക് കേട്ടാല്‍ തലമരയ്ക്കും.
കോവിഡുകാലത്ത് വരുമാനംമുട്ടി ഒരുഗതിയുമില്ലാതെ വലഞ്ഞ ആയിരങ്ങള്‍ ഈ ഓണ്‍ലൈന്‍ വായ്പാക്കൊള്ളയ്ക്ക് ഇരകളായി ജീവിതം വഴിമുട്ടിനില്‍ക്കുകയാണ്. 5000ന്റെ ലോണ്‍ തീര്‍ക്കാന്‍ 3000ന്റെ മൂന്ന് ലോണെടുക്കേണ്ടിവന്നവരും ഒരു ലക്ഷം എടുത്തിട്ട് ഇപ്പോള്‍ മൂന്നരലക്ഷം അടച്ചുകഴിഞ്ഞവരും തട്ടിപ്പിനിരകളായവരിൽ ഉണ്ട്. അതിനിടെ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ചൈനീസ് പൗരന്മാരാണ് അകത്തായത്. ഇവർ ഇന്ത്യയിലെത്തി ഇവിടെ ഉള്ള ആളുകളെ പ്രത്യേക കോൾസെന്ററും മറ്റും ഉണ്ടാക്കിയാണ് ലോൺ കൊടുക്കുന്നത്.
Discussion about this post