മുംബൈ: രാമക്ഷേത്ര നിർമ്മാണ പ്രചാരകരെ ആക്രമിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടു കെട്ടാൻ നിയമ നിർമ്മാണവുമായി മധ്യപ്രദേശ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ധനസമാഹരണത്തിന് ഇറങ്ങിയ ഭക്തരെ ചിലർ കല്ലെറിഞ്ഞിരുന്നു. വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിനെതിരെയാണ് പുതിയ നിയമ നിർമ്മാണമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
കല്ലെറിയുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി കഴിഞ്ഞതായി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 24 പേരെ ഡിസംബർ 29ന് അറസ്റ്റ് ചെയ്തിരുന്നു. ഏത് തരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങൾക്കും പൊതുമുതൽ നശീകരണ പ്രവർത്തനങ്ങൾക്കും ഉത്തരവാദികളായവരിൽ നിന്നും നഷ്ടപരിഹാര തുക ഈടാക്കുന്നതാണ് പുതിയ നിയമം. തുക നൽകാൻ കൂട്ടാക്കാത്ത വ്യക്തികളുടെ വസ്തുവകകൾ ജപ്തി ചെയ്ത് പിഴയീടാക്കാനും നിയമത്തിൽ വ്യവസ്തയുണ്ടാകും.
ഭക്തരെ വേദനിപ്പിക്കുന്നവർക്കെതിരായ നിയമനിർമ്മാണം രാമരാജ്യത്തിന് യോജിച്ചതാണെന്നായിരുന്നു നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള ബിജെപി എം പി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പ്രതികരണം. വർഗ്ഗീയ കലാപം സൃഷ്ടിക്കാനുള്ള ഇടത് പക്ഷത്തിന്റെയും ജിഹാദികളുടെയും ശ്രമത്തിനുള്ള ഉചിതമായ മറുപടിയാണിതെന്നും അവർ അഭിപ്രായപ്പെട്ടു.
Discussion about this post