ന്യൂഡല്‍ഹി: ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് കര്‍ഷക സംഘടനാ നേതാവിന് എതിരെ കേസ്. കിസാന്‍ മഹാസഭ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറി അരുണ്‍ ബങ്കറിന് എതിരെയാണ് മധ്യപ്രദേശിലെ കോത്‌വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് ബബ്‌ല ശുക്ലയുടെ പരാതിയിന്‍മേലാണ് കേസ്.
കര്‍ഷക സംഘടനകള്‍ക്ക് എവിടെനിന്നാണ് സ്‌ഫോടക സ്തുക്കള്‍ കിട്ടുന്നത് എന്ന് അന്വേഷിക്കണമെന്ന് അരുണ്‍ ബങ്കറിന് എതിരെ പരാതി കൊടുത്ത ബിജെപി നേതാവ് ആദിത്യ ബാബ്‌ല ശുക്ല പറഞ്ഞു. അരുണിന്റെ വിവാദ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട കര്‍ഷകരെ കഴിഞ്ഞദിവസം പൊലീസ് തടഞ്ഞിരുന്നു.
ഇതില്‍പ്രതികരിക്കവെയായിരുന്നു അരുണ്‍ ബങ്കര്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യും. കര്‍ഷകരെ എതിർക്കാൻ മോദി തുനിഞ്ഞാല്‍ ഞങ്ങള്‍ നാഗ്പൂരിലെ മോഹന്‍ ഭഗവതിനെ ഉന്മൂലനം ചെയ്യുകയും അവിടെയുള്ള ആര്‍എസ്‌എസ് ആസ്ഥാനം തകര്‍ക്കുകയും ചെയ്യും’-എന്നായിരുന്നു അരുണ്‍ ബങ്കറിന്റെ വാക്കുകള്‍.
Discussion about this post