സിഡ്നി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് മഴ മൂലം തടസപ്പെട്ടു. ടെസ്റ്റ് പരമ്പരയിൽ ആദ്യമായി പാഡണിഞ്ഞ ഡേവിഡ് വാർണറെ അഞ്ച് റൺസിന് പുറത്താക്കി മുഹമ്മദ് സിറാജ് ഓസ്ട്രേലിയക്ക് ആദ്യ ആഘാതമേൽപ്പിച്ചു. 14 റൺസുമായി വിൽ പൂകോവ്സ്കിയും 2 റൺസുമായി മാർനസ് ലബൂഷെയ്നും ബാറ്റിംഗ് തുടരവെയാണ് കളി മുടക്കിയായി മഴ എത്തിയത്.
ആദ്യ സെഷനിൽ 7.1 ഓവർ മാത്രമാണ് ബൗൾ ചെയ്തത്. മഴ ശമിക്കാതെ വന്നതോടെ നേരത്തെ ലഞ്ച് ബ്രേക്ക് എടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബൗൾ ചെയ്യാൻ നിയോഗിക്കപ്പെട്ട ഇന്ത്യക്ക് ഇന്നിംഗ്സിലെ നാലാം ഓവറിൽ തന്നെ വാർണറെ മടക്കി മികച്ച തുടക്കമാണ് മുഹമ്മദ് സിറാജ് നൽകിയത്. സിറാജിന്റെ പന്തിൽ ഡ്രൈവിന് ശ്രമിച്ച വാർണറുടെ തെറ്റായ ടൈമിംഗിൽ ഔട്ട്സൈഡ് എഡ്ജായ പന്ത് അനായാസം പുജാര കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായാണ് വാർണർ ഒരു ഹോം മത്സരത്തിൽ പത്ത് റൺസിൽ താഴെ പുറത്താകുന്നത്.
പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവ്ദീപ് സെയ്നി ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിക്കുന്നു. ഓസീസ് നിരയിൽ പൂകോവ്സ്കിക്കും കന്നി ടെസ്റ്റാണ് ഇത്. കളി നിർത്തുമ്പോൾ എട്ടാം ഓവറിൽ 21/1 എന്ന നിലയിലാണ് ആതിഥേയർ.












