കടയ്ക്കാവൂരിൽ ‘അമ്മ സ്വന്തം മകനെ 10 വയസ്സുമുതൽ പീഡിപ്പിച്ചെന്ന വാർത്ത നടുക്കത്തോടെയാണ് മലയാളികൾ കേട്ടത്. എന്നാൽ ഇതിന്റെ പിന്നിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് കെപി സുകുമാരൻ എന്ന എഴുത്തുകാരൻ. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം:
പോക്സോ കേസുകൾ ഒരു സാമൂഹ്യദുരന്തമായി മാറി സമൂഹത്തെയാകെ മലീമസമാക്കുകയാണ്. പതിനാല് വയസ്സുള്ള മകനെ പീഡിപ്പിച്ച അമ്മയെ പോക്സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു എന്ന വാർത്ത എല്ലാ പത്രങ്ങളും ചാനലുകളും ജനങ്ങളെ വളരെ പ്രാധാന്യത്തോടെ അറിയിക്കുകയുണ്ടായി. മകനെ പത്ത് വയസ്സ് മുതൽ നാല് വർഷമായി ആ അമ്മ പീഡിപ്പിച്ചു വരികയായിരുന്നു എന്നും വാർത്തയിലുണ്ട്. ഈ വാർത്ത വായിക്കുകയും കാണുകയും ചെയ്യുന്ന നമ്മുടെ നാട്ടിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും മനസ്സും കുടുംബാന്തരീക്ഷവും എങ്ങനെയായിരിക്കും എന്ന് ചിന്തിക്കുമ്പോൾ ഞാൻ അസ്വസ്ഥനാവുകയാണ്.
വല്ലാത്തൊരു രാക്ഷസ നിയമം ആണ് നിലവിലെ ഈ പോക്സോ എന്ന് പ്രിയ സുഹൃത്തുക്കളേ നിങ്ങൾ മനസ്സിലാക്കണം. അറസ്റ്റിലായ ആ അമ്മ എങ്ങനെയാണ് ഈ പോക്സോ കേസിൽ പെട്ടത് എന്ന് നോക്കുക. ആ അമ്മ വിവാഹമോചിതയാണ്. മുൻ ഭർത്താവ് വിദേശത്തും. മകൻ അമ്മയുടെ കൂടെ നാട്ടിലും. ഡിവോഴ്സ് വിധി പ്രകാരം അമ്മയുടെ കസ്റ്റഡിയിൽ കഴിയുന്ന മകനെ പിതാവിനും തന്റെ വീട്ടിൽ കൊണ്ടുപോകാം. അപ്രകാരം കഴിഞ്ഞ വർഷം മകനെ കൊണ്ടുപോയ ആ പിതാവ് മകനെയും കൊണ്ട് വിദേശത്ത് പോകുന്നു.
ഒരു വർഷം കഴിഞ്ഞ് മകനുമായി നാട്ടിൽ വന്ന അയാൾ കുട്ടിയെ അമ്മയുടെ അടുത്ത് എത്തിക്കുന്നതിനു പകരം നാട്ടിലെ ചൈൽഡ് വെൽഫയർ കമ്മറ്റി ഭാരവാഹികളുടെ അടുത്തേക്കാണ് പോകുന്നത്. എന്നിട്ട് പറയുന്നു, മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി കാര്യം ചോദിച്ചപ്പോൾ തന്നെ അമ്മ പീഡിപ്പിച്ചിരുന്നു എന്ന് അവൻ പറഞ്ഞു എന്ന്. കുട്ടിയെ ചൈൽഡ് ഫെൽഫയർ കമ്മറ്റിക്കാർ ചോദ്യം ചെയ്തപ്പോൾ കുട്ടിയും പിതാവ് പറഞ്ഞത് തത്ത പറയുന്നത് പോലെ പറഞ്ഞു.
ഉടനെ ചൈൽഡ് വെൽഫയർ കമ്മറ്റിക്കാർ പോലീസിനെ അറിയിക്കുന്നു. പോലീസിനോടും കുട്ടി അതേ മൊഴി ആവർത്തിക്കുന്നു. പോക്സോ കേസ് റജിസ്റ്റർ ചെയ്യുന്നു. അമ്മയെ അറസ്റ്റ് ചെയ്യുന്നു. ആ അമ്മ ഇപ്പോൾ ജയിലിലാണ്. എന്തൊരു കിരാതമായ വകുപ്പും നിയമവും ആണിത്?
ഒരു വർഷം വിദേശത്ത് മകനെ ഒപ്പം താമസിപ്പിച്ച ആ പിതാവിനു മുൻഭാര്യയോട് പ്രതികാരം ചെയ്യാൻ മകനെ ബ്രെയിൻ വാഷ് ചെയ്ത് അമ്മക്കെതിരെ മൊഴി കൊടുപ്പിക്കാൻ സാധിക്കില്ലേ എന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിക്കാർക്കോ പോലീസുകാർക്കോ സംശയിക്കാനോ ചിന്തിക്കാനോ കഴിയില്ല. അതാണ് നിയമം.
കുട്ടി പറയുന്നത് അത് നുണ ആയാലും ബ്രെയിൻ വാഷ് ചെയ്തിട്ട് പറയിപ്പിച്ചതായാലും അതാണ് സത്യം എന്ന് ചൈൽഡ് വെൽഫയർ കമ്മറ്റിക്കാരും പോലീസുകാരും കരുതിക്കോളണം. അവർക്കാർക്കും അപ്പോൾ മന:സാക്ഷിയോ മനുഷ്യത്വമോ പാടില്ല. കടലാസിലെ നിയമം മാത്രമേ മനസ്സിൽ ഉണ്ടാകാവൂ.
ജയിലിൽ കഴിയുന്ന ആ അമ്മയുടെ മാനസികാവസ്ഥ ഇപ്പോൾ എന്തായിരിക്കും.
ഈ നിയമം നമ്മുടെയൊക്കെ കുടുംബങ്ങളിൽ കലർത്തുന്ന വിഷവും സംശയവും എത്ര മാരകമാണ്. അമ്മയും മക്കളും തമ്മിലുള്ള പവിത്രവും പാവനവുമായ ബന്ധത്തിലല്ലേ ഈ നിയമവും വാർത്തയും വിഷം കോരിയൊഴിക്കുന്നത്. നിരവധി കള്ള പോക്സോ കേസുകളാണ് കേരളത്തിൽ പലരുടെയും ജീവിതം തകർക്കുന്നത്. ആരോടെങ്കിലും വെറുപ്പ് തോന്നിയാൽ പക വീട്ടാൻ പോക്സോ പോലെ മറ്റൊരു ആയുധവും വേറെയില്ല എന്നതാണ് അവസ്ഥ. കഷ്ടം തന്നെ.
Discussion about this post