മുംബൈ: ഔറംഗാബാദിന്‍റെ പേരുമാറ്റവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഭരണസഖ്യത്തില്‍ തമ്മിലടി തുടരുന്നു. ഔറംഗാബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കണെമന്ന ശിവസേനയുടെ ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാതെ വന്നതോടെയാണ് വിള്ളല്‍. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പേരുമാറ്റത്തെ അനുകൂലിച്ച് രംഗത്തെത്തി. ‘ഔറംഗസേബ് ഒരിക്കലും മതേതര വാദിയായിരുന്നില്ല. നമ്മുടെ അജണ്ട മതേതരത്വത്തോട് ചേര്‍ന്നു നില്‍ക്കുക എന്നതും. അതിനാല്‍ ഔറംഗസേബിനെ പോലൊരു വ്യക്തി ഇതിനോട് ചേരില്ല’ -ഉദ്ദവ് താക്കറെ പറഞ്ഞു.
‘എന്ത് പുതിയ കാര്യമാണ് ഞാന്‍ ചെയ്തത്. ഞങ്ങള്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്നതും ശിവസേന മേധാവി ബാല്‍ താക്കറെ പറഞ്ഞതും ഞാന്‍ പ്രാവര്‍ത്തികമാക്കുന്നു’ -രണ്ടുദിവസമായി ഔറംഗാബാദിനെ സംബാജി നഗര്‍ എന്ന് താക്കറെയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ സൂചിപ്പിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ സഖ്യത്തിന്‍റെ അജണ്ട മതേതരത്വത്തോട് ചേര്‍ന്നു നില്‍ക്കുക എന്നതാണ്, അതിനാല്‍ തന്നെ മുഗള്‍ ഭരണാധികാരി ഔറംഗസേബ് ഈ നയത്തോട് യോജിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഔറംഗസേബിന്‍റെ പേര് സൂചിപ്പിക്കുന്ന ഔറംഗബാദിന് പകരം മറാത്ത ഭരണാധികാരിയുടെ സ്മരണാര്‍ഥം സംബാജി നഗര്‍ എന്നാക്കാനാണ് നീക്കം.
ബുധനാഴ്ച മന്ത്രിസഭ യോഗവിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെക്കുമ്പോള്‍ ഔറംഗാബാദിനെ സംബാജി നഗറെന്നാണ് താക്കറെ വിശേഷിപ്പിച്ചത്. ട്വീറ്റ് മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രിയെയും കോണ്‍ഗ്രസ് നേതാവ് അമിത് ദേശ്മുഖിനെയും ടാഗ് ചെയ്തുകൊണ്ടുള്ളതായിരുന്നു. വ്യാഴാഴ്ചയും സംബാജി നഗര്‍ എന്നു സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ താക്കറെ പങ്കുവെച്ചിരുന്നു.
Discussion about this post