ഡൽഹി: കർഷക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്നവരെ എത്രയും വേഗം ഡൽഹിയിൽ നിന്നും ഒഴിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നാളെ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ എന്നിവർ അടങ്ങുന്ന ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്. ൠഷഭ് ശർമ്മ എന്ന നിയമ വിദ്യാർത്ഥിയാണ് ഹർജി നൽകിയിരിക്കുന്നത്.
സമരക്കാർ വഴി തടസ്സപ്പെടുത്തിയിരിക്കുന്നത് കാരണം വലിയ ദുരിതമാണ് ഗതാഗത സംവിധാനം നേരിടുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സമരക്കാർ കൂട്ടം കൂടുന്നത് ഡൽഹിയിൽ കൊവിഡ് വ്യാപനം വർദ്ധിക്കാൻ കാരണമാകുമെന്നും ഹർജിക്കാരൻ പറയുന്നു.
കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ആയിരക്കണക്കിന് പേരാണ് ഡൽഹിയിൽ സമരം ചെയ്യുന്നത്. സമരക്കാരുമായി കേന്ദ്ര സർക്കാർ ചർച്ചകൾ തുടരുകയാണ്. ജനുവരി പതിനഞ്ചിന് വീണ്ടും ചർച്ച വെച്ചിട്ടുണ്ട്.
Discussion about this post