കൊല്ലം : ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ ലോഗോയെ ചൊല്ലിയുള്ള വിഷയത്തില്‍ വിവാദങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ലോഗോ മരവിപ്പിച്ചു. പുതിയ തീരുമാനം വരുന്നതുവരെ അടുത്തിടെ പുറത്തിറക്കിയ ലോഗോ മരവിപ്പിക്കാനാണ് തീരുമാനം.
വിഷയത്തില്‍ തീരുമാനം എടുക്കാന്‍ പുതിയ സമിതിയെ നിയമിച്ചു. നിലവിലുള്ള ലോഗോയെക്കുറിച്ച് ഉയര്‍ന്ന ആശങ്കകള്‍ ഈ സമിതി പരിശോധിക്കും. സമിതിയുടെ റിപ്പോര്‍ട്ടു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നു സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.
ലോഗോയെക്കുറിച്ചു പഠനം നടത്താന്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനും കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ.നാരായണന്‍, തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.മനോജ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെയാണ് നിയമിച്ചത്.












