തിരുവനന്തപുരം: കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിന്റെ വാദം തള്ളി ജമാഅത്ത് കമ്മിറ്റി. രണ്ടാം വിവാഹം നിയമപരമല്ലെന്നും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടില്ലന്നും കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു. രണ്ടാം വിവാഹത്തെ എതിര്‍ത്ത് കോടതിയില്‍ പോയതിന് പിന്നാലെയാണ് ഭര്‍ത്താവ് കുട്ടികളെ ഏറ്റെടുത്തതും പരാതിക്ക് തുടക്കമായതെന്നും വ്യക്തമാക്കുന്ന രേഖകളും പുറത്ത്.
വിവാഹമോചനം നേടാതെയുള്ള രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ വൈരാഗ്യത്തില്‍ ഭര്‍ത്താവ് കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നാണ് യുവതിയുടെ കുടുംബത്തിന്റെ പരാതി. രണ്ടാം വിവാഹത്തെ ചൊല്ലിയുള്ള തര്‍ക്കം പീഡനപരാതിക്ക് വഴിയൊരുക്കിയെന്ന സംശയം ബലപ്പെടുത്തുന്നതാണ് പിന്നീട് നടന്ന സംഭവങ്ങൾ. രണ്ടാം വിവാഹത്തെ എതിര്‍ത്ത യുവതി മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോയി.
2019 നവംബറില്‍ പ്രതിമാസം അറുപതിനായിരം രൂപ ജീവനാംശം ആവശ്യപ്പെട്ട് കുടുംബകോടതിയെ സമീപിച്ചു. തൊട്ടടുത്ത മാസമാണ് ഭര്‍ത്താവ് യുവതിയുടെ വീട്ടില്‍ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത്. പിന്നീട് രണ്ട് മാസം കഴിഞ്ഞ് വിദേശത്തെത്തിയപ്പോള്‍ പീഡനവിവരം തുറന്ന് പറഞ്ഞെന്നാണ് പരാതി.മാതാവിനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
2018 മുതൽ ദമ്പതികൾ വേർപിരിഞ്ഞാണ് താമസിക്കുന്നത്. നാലുമക്കളിൽ ഇളയകുട്ടി ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ്. 2019ൽ ഭർത്താവ് രണ്ടാമത്തെ കുട്ടിയെയും നാലാമത്തെ കുട്ടിയെയും കൂടെ കൊണ്ടുപോയി. ഇതിനെതിരെ കുടുംബകോടതിയിൽ കേസ് നടക്കുന്നുണ്ട്.പിന്നീട് ഭർത്താവ് മൂന്ന് കുട്ടികളെയും വിദേശത്തേക്കു കൊണ്ടുപോയി.
എന്നാല്‍ ആദ്യഭാര്യയെ മൊഴിചൊല്ലാതെയുള്ള രണ്ടാം വിവാഹത്തിന് ഭര്‍ത്താവ് പറയുന്ന ന്യായം ഇങ്ങിനെയാണ്. കുട്ടികളെ ഉപേക്ഷിച്ചു പോയ അമ്മയാണെന്നും കുട്ടികളെ നോക്കാൻ ആളില്ലാത്തത് കൊണ്ട് വേറെ വിവാഹം കഴിച്ചെന്നും മതനിയമപ്രകാരം രണ്ടാം വിവാഹം നിയമപരമെന്നും ഇയാൾ വാദിക്കുന്നു. എന്നാൽ ഇതും തെറ്റെന്നു തെളിഞ്ഞിരിക്കുകയാണ് ഇപ്പോൾ. വിവാഹ ശേഷമാണ് ഭാര്യ കേസ് കൊടുത്തതിന്റെ തൊട്ടടുത്ത മാസം ഇയാൾ കുട്ടികളെ കൊണ്ടുപോയത്.
Discussion about this post