ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ കർഷക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന ട്രാക്ടർ റാലിക്കെതിരെ കേന്ദ്രസർക്കാർ സമർപ്പിച്ച ഹർജിയിൽ കർഷക സംഘടനകൾക്ക് നോട്ടീസയച്ച് സുപ്രീം കോടതി. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഘാതം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന് ഡൽഹി പൊലീസ് വഴി കേന്ദ്രം സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നു.
പ്രതിഷേധിക്കാൻ ഏവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. റിപ്പബ്ലിക് ദിനത്തിൽ ഏതൊരു വിധത്തിലുള്ള പ്രതിഷേധ സമരങ്ങളും തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.
അപേക്ഷയിന്മേൽ നോട്ടീസ് പുറപ്പെടുവിച്ചതായും അത് സമരം ചെയ്യുന്ന കർഷക നേതാക്കൾക്ക് അയച്ച് കൊടുക്കുമെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. റാലി റിപ്പബ്ലിക് ദിനാഘോഷങ്ങളെ ബാധിക്കുമെന്നും അത് വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും കേന്ദ്രം സമർപ്പിച്ച അപേക്ഷയിൽ പറയുന്നു.
Discussion about this post