ന്യൂഡൽഹി : അഫ്ഗാനിസ്താൻ സർക്കാരിനെ പിന്തുണച്ച് ഇന്ത്യ സൈനിക നീക്കം നടത്തുമോ എന്ന ചോദ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അമേരിക്കയ്ക്കൊപ്പം നാറ്റോ സഖ്യകക്ഷികളായ ഫ്രാൻസും ബ്രിട്ടനുമെല്ലാം അവരുടെ സൈനികരെ അഫ്ഗാനിസ്താനിലേക്ക് അയച്ചിരുന്നു. എന്നാൽ ഇന്ത്യ അടുത്ത സുഹൃദ് രാജ്യമായ അഫ്ഗാനിലേക്ക് സൈന്യത്തെ ഇതുവരെ അയച്ചിരുന്നില്ല. അമേരിക്കൻ സൈന്യം പിൻവാങ്ങുമ്പോൾ ഇന്ത്യ സൈനികരെ അയയ്ക്കുമോ എന്നാണ് ചോദ്യം ഉയരുന്നത്.
ഇതിനെല്ലാം വ്യക്തമായ മറുപടി പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ കരസേന മേധാവി. അദ്ദേഹത്തിന്റെ മറുപടിയോടെ സംശയങ്ങളെല്ലാം അവസാനിച്ചു. ഇന്ത്യ അഫ്ഗാനിലേക്ക് ഒരു കാരണവശാലും സൈന്യത്തെ അയയ്ക്കില്ല. അത് ഇപ്പോളെന്നല്ല സമീപ ഭാവിയിലെങ്ങും അയയ്ക്കാൻ സാദ്ധ്യതയില്ലെന്നും കരസേന മേധാവി എം.എം നരവാനേ വ്യക്തമാക്കി.
നേരത്തെയും ഇന്ത്യ സ്വന്തം നിലപാട് അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിരുന്നു. അന്ന് പ്രതിരോധ മന്ത്രിയായിരുന്ന നിർമ്മല സീതാരാമൻ ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. അഫ്ഗാനിലേക്ക് ഇന്ത്യ ഒരു കാരണവശാലും സൈന്യത്തെ അയക്കില്ലെന്നാണ് നിർമ്മല വ്യക്തമാക്കിയത്.
താലിബാൻ ഭരണം അവസാനിച്ചതിനു ശേഷം 2001 മുതൽ ഇന്ത്യയാണ് അഫ്ഗാനെ എല്ലാവിധത്തിലും പിന്തുണയ്ക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികമായും ഇന്ത്യ അഫ്ഗാനെ പിന്തുണയ്ക്കുന്നുണ്ട്. സൈനികമായ പിന്തുണ ഉണ്ടാകുമോ എന്ന് അന്ന് മുതലേ ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അഫ്ഗാൻ മണ്ണിൽ ഇന്ത്യൻ സൈന്യം ഇറങ്ങില്ല എന്ന് വ്യക്തമായിത്തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ കരസേന മേധാവി.
Discussion about this post