ഉദയംപേരൂരില്‍ കസ്റ്റഡിയില്‍ മരിച്ച കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്ന് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.
ഷെഫീക്കിന്റെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം ആന്തരിക രക്തസ്രാവം ഉണ്ടായി രക്തം കട്ടപിടിച്ചിരുന്നു. തലയുടെ മുന്‍ഭാഗത്ത് ഇടതു കണ്ണിന് മുകളില്‍ പരുക്കുണ്ട്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ പരുക്കുകള്‍ ഇല്ല. മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മര്‍ദനം മൂലമോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ. കോട്ടയം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് മേധാവി രഞ്ജു രവീന്ദ്രന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
അതേസമയം ഉദയംപേരൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ഷെഫീക്കിന് ക്രൂരമര്‍ദനം ഏറ്റെന്നും, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കെത്തിയ എറണാകുളം സബ് കളക്ടര്‍ ഹാരിസ് റഷീദിനെയും ഉദയംപേരൂര്‍ പൊലീസിനേയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
ഉദയംപേരൂരില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് ഷെഫീക്ക് അറസ്റ്റിലായത്. റിമാന്‍ഡില്‍ കഴിയവെ ആശുപത്രിയിലെത്തിച്ച ഷെഫീക്ക് ഇന്നലെ വൈകിട്ട് മരിച്ചു. ഷെഫീഖിന്റെ കസ്റ്റഡി മരണത്തില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായെന്ന് മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യന്‍ പ്രതികരിച്ചു.
Discussion about this post