കൊൽക്കത്ത: നന്ദിഗ്രാം അസംബ്ലി മണ്ഡലത്തിൽ നിന്നും മത്സരിക്കാനുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബിജെപി നേതാവ് സുവേന്ദു അധികാരി. മമതയെ സ്വന്തം തട്ടകത്തിൽ അരലക്ഷം വോട്ടിന് പരാജയപ്പെടുത്തുമെന്നും തോറ്റാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഏതൊക്കെ സീറ്റുകളിൽ ആരൊക്കെ മത്സരിക്കണമെന്ന് പാർട്ടി ആലോചനകൾക്ക് ശേഷം തീരുമാനിക്കുന്ന ജനാധിപത്യ സമ്പ്രദായമാണ് ബിജെപിയിൽ ഉള്ളതെന്നും തൃണമൂൽ കോൺഗ്രസിലേത് പോലെ ഏകാധിപത്യപരമല്ല ബിജെപിയിലെ നയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ ശക്തനായ നേതാവാണ് സുവേന്ദു അധികാരി. സുവേന്ദുവിനോടൊപ്പം തൃണമൂലിലെ ഒരു വിഭാഗം നേതാക്കളും ധാരാളം പ്രവർത്തകരും ബിജെപിയിൽ ചേർന്നിരുന്നു. സുവേന്ദുവിന്റെ തട്ടകത്തിൽ മത്സരിച്ച് താൻ അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് മമത ബാനർജി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് വെല്ലുവിളിയായി സ്വീകരിക്കുകയാണ് എന്നാണ് സുവേന്ദു അധികാരി വ്യക്തമാക്കിയത്.








