അഞ്ചുവര്‍ഷക്കാലം നല്ല പ്രതിപക്ഷ നേതാവാണെന്ന പേരെടുത്തു. അവസാനം ആറ്റുനോറ്റിരുന്ന മുഖ്യമന്ത്രി പദം എവിടയോ ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടി കൊണ്ടു പോയി. 5 വര്‍ഷം ചെന്നിത്തല വെള്ളം കോരിയത് വെറുതേയായി. മുസ്ലീം ലീഗും ക്രസ്ത്യന്‍ വിഭാഗവും ഉമ്മന്‍ ചാണ്ടി വരുന്നതിനോടാണ് അനുകൂലിച്ചത്. ചെന്നിത്തല വന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ചോരുമെന്ന പ്രചാരണവും വന്നു. കുഞ്ഞാലിക്കുട്ടി അരമനയിൽ കൂടിക്കാഴ്ച നടത്തിയത് വെറുതെയായില്ല. തിരുമേനിമാരുടെ മനമറിഞ്ഞ് ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചു. അങ്ങനെ ചെന്നിത്തല ഔട്ടാകുന്ന കാഴ്ചയാണ് കണ്ടത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരമ്പരാഗത വോട്ടുബാങ്ക് വീണ്ടെടുക്കുകയെന്ന ലക്ഷ്യവുമായി ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിറുത്തിയാണ് കോണ്‍ഗ്രസ് സന്നാഹം ഒരുക്കുന്നത് എന്നാണ് ഭാഷ്യം. എന്നാൽ പാർലമെന്റ് ഇലക്ഷനിൽ 19 സീറ്റും നേടിയ കോൺഗ്രസിനെ നയിച്ചത് ചെന്നിത്തലയാണെന്ന കാര്യം പോലും മറന്ന മട്ടാണ് കോൺഗ്രസ്സ് നേതാക്കൾക്ക്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാതിരിക്കുകയും, പാര്‍ട്ടി വേദികളില്‍ നിന്ന് പിന്‍വാങ്ങി നില്‍ക്കുകയും ചെയ്തിരുന്ന ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവില്‍ കോണ്‍ഗ്രസിലും പ്രവര്‍ത്തകരിലും അഭ്യൂഹങ്ങള്‍ ശക്തമാണ്.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ ശക്തനല്ലെന്ന തരത്തില്‍ ഒരുപാട് പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുളള നേതാവാണ് രമേശ് ചെന്നിത്തല. ക്രിയാത്മക പ്രതിപക്ഷമില്ലെന്ന ആരോപണങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം ചെന്നിത്തല അക്ഷോഭ്യനായി പുതിയ സാദ്ധ്യതകള്‍ തേടികൊണ്ടേയിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസും യു ഡി എഫും മിന്നും വിജയം നേടിയപ്പോള്‍ ക്രെഡിറ്റ് മുഴുവന്‍ രാഹുല്‍ ഗാന്ധിക്കാണ് പോയത്. ഒടുവില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അടിതെറ്റിയപ്പോള്‍, പഴികേള്‍ക്കേണ്ടി വന്നത് ചെന്നിത്തലയും. എന്താണ് ഇനി ചെന്നിത്തലയുടെ ഭാവിയെന്നാണ് കണ്ടറിയേണ്ടത്. അതറിയാന്‍ ഇനി അധികം സമയമൊന്നും വേണ്ട. നാലേ നാല് മാസം മാത്രം മതി.
സംസ്ഥാന കോണ്‍ഗ്രസില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവാണെന്നതും ഘടകകക്ഷികളുടെ സമ്മര്‍ദ്ദവുമാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയില്ലെങ്കിലും, പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിനും തന്ത്രങ്ങള്‍ മെനയാനുമുള്ള ചുമതല ഉമ്മന്‍ചാണ്ടിക്കു നല്‍കാന്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. ഇതിനായി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായി പത്തംഗ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് സമിതി രൂപീകരിക്കും.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ താരിഖ് അന്‍വര്‍,കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.മുരളീധരന്‍, വി.എം സുധീരന്‍, കെ.സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ തുടങ്ങിയവരാണ് സമിതിയിലുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. അന്തിമ തീരുമാനം എ.ഐ.സി.സി പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പിനുള്ള വിവിധ സമിതികളെയും ഉടന്‍ പ്രഖ്യാപിക്കും. ക്രൈസ്തവ വിഭാഗങ്ങള്‍ അടക്കം, പരമ്പരാഗതമായി പാര്‍ട്ടിക്കൊപ്പം നിന്നിരുന്നവര്‍ ഇടക്കാലത്ത് അകന്നുപോയ പ്രശ്‌നം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി മുന്നിലുണ്ടാകേണ്ടത് അനിവാര്യതയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി.
എ.കെ ആന്റണിയുടെ നിലപാടും നിര്‍ണയകമായി. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനത്ത് ഉമ്മന്‍ചാണ്ടി വരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി, മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചകള്‍ക്കു ശേഷം മാദ്ധ്യമങ്ങളെ കണ്ട മുതിര്‍ന്ന നേതാവ് എ.കെ ആന്റണി വിസമ്മതിച്ചു.
Discussion about this post