ബെംഗളൂരു: ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ജയില്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വത്തുകേസില്‍ 27നു ജയില്‍ മോചിതയാകാനിരിക്കെ പനിയും ശ്വാസതടസ്സവും മൂലം കഴിഞ്ഞദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോവിഡ് ആന്റിജന്‍ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും പിന്നീടു നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയിലാണു പോസിറ്റീവ് ആയത്.
ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതിനാല്‍ ഐസിയുവില്‍ തന്നെയാണ്.പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുള്ളതിനാല്‍ സൂക്ഷ്മനിരീക്ഷണം ആവശ്യമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ 27നു ശശികലയ്ക്കു ജയിലില്‍ നിന്നു പുറത്തിറങ്ങാനാവില്ലെന്ന് ഉറപ്പായി.ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തുടരും. അതേസമയം, ചികിത്സ ലഭിക്കാന്‍ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകന്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി.
ശശികലയ്ക്ക് കര്‍ണാടകത്തിലും തമിഴ്‌നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം. പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ഇന്നലെ ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു.
പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്. ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു.







