മുംബൈ: കർണാടകയിലെ മറാഠി ഭൂരിപക്ഷ മേഖലകൾ മഹാരാഷ്ട്രയോട് ചേർക്കണമെന്നും അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശമാക്കണമെന്നുമുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രസ്താവനയ്ക്കു പിന്നാലെ കർണ്ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ മറുപടി. മുംബൈയിൽ ‘അവകാശവാദം’ ഉന്നയിക്കുകയായിരുന്നു സാവദി. മുംബൈ കർണ്ണാടകയോട് ചേർക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതിനെതിരെ ശിവസേന രംഗത്തെത്തി.മുംബൈയെ കര്‍ണാടകയുടെ ഭാഗമാക്കണമെന്നു പറഞ്ഞ കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി ചരിത്രം പഠിക്കണമെന്ന് ശിവസേന. കര്‍ണാടകയിലെ മറാത്തി ഭൂരിപക്ഷ പ്രദേശങ്ങള്‍ മഹാരാഷ്ട്രയില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് മറാത്തി ഭാഷയെയും സംസ്കാരത്തെയും സംരക്ഷിക്കാനാണെന്നും സവാദി ചരിത്രം മനസ്സിലാക്കണമെന്നും ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു.
‘ചില ഭ്രാന്തന്മാര്‍ വെറുതെ പിച്ചുംപേയും പറയുകയാണ്. ആര് ഉപമുഖ്യമന്ത്രിയായാലും, ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്നമാണെന്ന് അയാള്‍ മനസ്സിലാക്കണം. കന്നഡിഗരുടെ ഭാഷ മാറ്റാന്‍ മഹാരാഷ്ട്രയില്‍ ഒരിക്കലും നിര്‍ബന്ധിക്കാറില്ല. ഞങ്ങള്‍ മഹാരാഷ്ട്രയില്‍ കന്നട സ്കൂളുകള്‍ നടത്തുകയും അവയ്ക്ക് സബ്സിഡി നല്‍കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, കര്‍ണാടകയിലെ സ്ഥിതി അതല്ല. ഈ പോരാട്ടം അവിടെ ഞങ്ങളുടെ ഭാഷയും സംസ്കാരവും സംരക്ഷിക്കാനാണ്. മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി ഒരു താക്കറെയാണെന്ന് കര്‍ണാടക ഓര്‍മിക്കുന്നത് നന്നാകും’ -റാവുത്ത് പറഞ്ഞു.
ബെല്‍ഗാം, കാര്‍വാര്‍, നിപ്പനി തുടങ്ങിയ കര്‍ണാടകയിലെ മറാത്തി ഭൂരിപക്ഷ പ്രദേശങ്ങള്‍ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുംവരെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ലക്ഷ്മണ് സവാദി മുംബൈയെ കര്‍ണാടകയില്‍ ലയിപ്പിക്കണമെന്നും അതുവരെ മുംബൈ കേന്ദ്ര ഭരണ പ്രദേശമാക്കണമെന്നും ആവശ്യപ്പെട്ടത്.
സവാദിയുടെ പ്രസ്താവന അസംബന്ധമാണെന്നും കര്‍ണാടകയിലെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു. കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം സുപ്രീംകോടതിയുടെ പരിഗണനയില്‍ നടപടി കാത്തുകിടക്കെയാണ് ഇരു സംസ്ഥാന നേതാക്കളും വാക്പയറ്റില്‍ ഏര്‍പ്പെട്ടത്.
Discussion about this post