ഡല്‍ഹി: രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് പേര്‍ക്കും ഇതിനോടകം കോവിഡ് പിടിപെട്ടതായി സിറോളജിക്കല്‍ സര്‍വേ. ഇതുവരെ 1.8 കോടി പേര്‍ക്ക് രോഗം ബാധിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ജനസംഖ്യയുടെ 60 മുതല്‍ 70 ശതമാനം വരെ പ്രതിരോധശക്തി നേടിയാല്‍ മാത്രമേ വ്യാപനത്തെ മറികടക്കാന്‍ കഴിയൂ എന്നാണ് ലോകാരോഗ്യസംഘടന വിലയിരുത്തുന്നത്.
എന്നാല്‍ ഇന്ത്യയിലെ യഥാര്‍ത്ഥ രോഗികളുടെ എണ്ണം 30 കോടിയിലധികം വരുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. നേരത്തെ ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയിലും ഇതേരീതിയിലുള്ള ഫലം ലഭിച്ചിരുന്നു. രാജ്യത്തെ വിവിധ തൈറോകെയര്‍ ലാബുകളിലായി നടന്ന ഏഴ് ലക്ഷം കോവിഡ് ടെസ്റ്റുകളുടെ വിശകലനത്തില്‍ 55 ശതമാനം പേര്‍ക്ക് രോഗം ബാധിച്ചതായും കണ്ടെത്തിയിരുന്നു.
ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയ സിറോളജിക്കല്‍ സര്‍വേയില്‍ ഇന്ത്യയിലെ 15 പേരിലൊരാള്‍ക്ക് രോഗബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളിലെ ചേരികള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ രോഗബാധ ആറിലൊരാള്‍ എന്ന നിലയിലായിരുന്നു.കഴിഞ്ഞദിവസം ഡല്‍ഹിയിലെ സര്‍വേയുടെ ഫലം പുറത്തുവന്നിരുന്നു. ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്ക് അതായത് ഒരു കോടിയിലേറെപ്പേര്‍ക്ക് കോവിഡ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
Discussion about this post