കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ യൂത്ത്ലീഗിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ ദേശീയ സമിതി അംഗത്തിന് വധഭീഷണി. പടനിലം യൂസഫിനാണ് വധഭീഷണിയുമായി ഫോണ്‍കോളുകള്‍ എത്തുന്നത്. നെറ്റ് കോളുകള്‍ വഴിയാണ് ഭീഷണി. ഇത് സംബന്ധിച്ചു കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു.
കൊല്ലുമെന്നു പരസ്യ ഭീഷണിയുമായാണ് ചിലര്‍ രംഗത്തെത്തിയത്. ഇന്നലെ വാര്‍ത്താസമ്മേളനം നടത്തി കത്വ-ഉന്നാവോ കുടുംബസഹായ ഫണ്ട് തട്ടിപ്പ് നടത്തിയയെന്ന് പരസ്യമാക്കിയതിനു പിന്നാലെയാണ് ഭീഷണി നിരന്തരം എത്തുന്നത്. വിവാദപ്രസ്താവനയ്ക്കു പിന്നാലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിവരങ്ങള്‍ തിരക്കിയിരുന്നു. ഭീഷണി സംബന്ധിച്ച് ഇവരോട് വ്യക്തമാക്കിയതായി യൂസഫ് അറിയിച്ചു.
അതേസമയം കഠ് വ-ഉന്നാവ് സഹായ ഫണ്ട് വിവാദത്തില്‍ വിശദീകരണവുമായി മുസ് ലിം യൂത്ത് ലീഗ്. ഫണ്ട് വകമാറ്റിയിട്ടില്ലെന്ന് സി.കെ. സുബൈര്‍ വ്യക്തമാക്കി. ആരോപണത്തിന് പിന്നില്‍ ആസൂത്രിതനീക്കമുണ്ടെന്നും സുബൈര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുതാര്യമായ ഫണ്ട് കൈമാറ്റത്തെ തെറ്റായി വ്യാഖ്യാനിച്ചു. കഠ് വ കുടുബത്തിന് തുക കൈമാറി. നിയമ നടപടിക്കും പണം വിനിയോഗിക്കുന്നുണ്ടെന്നും സുബൈര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിനെതിരായ ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്നും സുബൈര്‍ വ്യക്തമാക്കി. യൂത്ത് ലീഗ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡന്റും ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങളുടെ മകനുമായ മുഈന്‍ അലി തങ്ങളും പങ്കെടുത്തു.
എന്നാൽ പരാതിയിലും ആരോപണത്തിലും ഉറച്ചാണ് യൂസഫ് പടനിലം മുന്നോട്ടു പോകുന്നത്. ഭീഷണിക്കു മുന്നില്‍ വഴങ്ങാതെ നിയമപരമായ രീതിയില്‍ നേരിടുമെന്നും സത്യം പുറത്തുകൊണ്ടുവരികയെന്നതാണ് പ്രധാനലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് കണക്ക് യൂത്ത് ലീഗ് ദേശീയസമിതിയില്‍ ആവശ്യപ്പെട്ടിരുന്നതായി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി തങ്ങളും ഇന്നലെ പ്രസ്താവന നടത്തിയിരുന്നു.
ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മുഈന്‍ അലിയ്ക്കു മുമ്പാകെയെങ്കിലും യൂത്ത്ലീഗ് നേതൃത്വം കണക്കുകള്‍ വ്യക്തമാക്കുകയാണ് വേണ്ടതെന്നും യൂസഫ് പടനിലം പറഞ്ഞു. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ വന്‍ തിരിമറി നടന്നതായാണ് യൂസഫ് ആരോപിച്ചത്. ഒരു കോടിയോളം രൂപ ഇരകള്‍ക്ക് കൈമാറാതെ സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് അടക്കമുള്ള നേതാക്കള്‍ വിനിയോഗിച്ചെന്നായിരുന്നു ആരോപണം
Discussion about this post