ഡൽഹി: രാജ്യത്തെ അപമാനിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യാവിരുദ്ധ പ്രക്ഷോഭത്തിന് ആഹ്വാനം നൽകി ഗ്രേറ്റ പങ്കുവെച്ച ട്വീറ്റിനും ടൂൾകിറ്റിനും ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന് നേരത്തെ ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് കാനഡയുമായി ഔദ്യോഗികമായി ബന്ധപ്പെടാൻ ഇന്ത്യ തീരുമാനിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിലെ അക്രമങ്ങൾക്ക് സമാനമായ ഇന്ത്യാ വിരുദ്ധ അക്രമങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ ആഹ്വാനം നൽകുന്നതാണ് ഗ്രേറ്റയുടെ ടൂൾ കിറ്റെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കുന്നു. കാനഡയുമായി നിലനിൽക്കുന്ന ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് ഗ്രേറ്റയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇന്ത്യ കനേഡിയൻ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുന്നതെന്നാണ് വിവരം.
നേരത്തെ കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ഗ്രേറ്റ ത്യുൻബെക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. ഗ്രെറ്റ ത്യുൻബെയുടെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കുന്നത്.
ഖാലിസ്ഥാന്‍ വാദികളായ വ്യക്തികളുടെ സഹകരണത്തോടെയാണ് ഗ്രേറ്റ ടൂൾ കിറ്റിന് രൂപം നൽകിയത് എന്നാണ് ഡൽഹി പൊലീസിന്റെ കണ്ടെത്തൽ. കേസെടുത്തതിനു പിന്നാലെ ട്വീറ്റിന്റെയും ടൂൾ കിറ്റിന്റെയും പേരിൽ വിശദീകരണം നൽകാൻ ഡൽഹി പൊലീസ് ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസമാണ് ഗ്രേറ്റ ട്വീറ്റും ടൂൾ കിറ്റും പങ്കു വെച്ചത്.
ഫെബ്രുവരി 13, 14 തീയതികളിൽ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിക്കാൻ ഗ്രേറ്റ ടൂൾ കിറ്റിൽ ആവശ്യപ്പെടുന്നു. ടൂൾ കിറ്റ് വിഷയം ഗൗരവപൂര്‍ണമായ ഒന്നാണെന്നും ചില വിദേശ ഗൂഢസംഘങ്ങൾ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി ഗൂഢാലോചന നടത്തുന്നതിന് തെളിവാണിതെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Discussion about this post