തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയത് കടുത്ത ജാതീയ അധിക്ഷേപമാണെങ്കിലും അത് തിരുത്താന്‍ സി പി എമ്മിന് അവകാശമില്ലെന്ന് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശോഭയുടെ പ്രതികരണം.
ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാനായി വി എസ് അച്യുതാനന്ദനെയും കെ ആര്‍ ഗൗരിയമ്മയെയും മാറ്റിനിര്‍ത്തിയതുമുതല്‍ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളില്‍ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുളളതെന്നും ശോഭസുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
കെ സുധാകരൻ നടത്തിയത് കടുത്ത ജാതി അധിക്ഷേപമാണ് എന്നു മനസ്സിലാക്കാൻ കാലടി സർവ്വകലാശാലയിലെ മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആകണമെന്നൊന്നുമില്ല. പക്ഷേ കെ സുധാകരനെ തിരുത്തിക്കാൻ സിപിഎമ്മിന് അർഹതയുണ്ടോ എന്നതാണ് ന്യായമായ ചോദ്യം. ആ അർഹത കേവലം പിണറായി വിജയന്റെ തന്നെ മാടമ്പി സ്വഭാവമുള്ള പ്രസ്താവനകൾ കൊണ്ട് നഷ്ടപ്പെട്ടതല്ല. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടന മുതൽ അവർ പുലർത്തുന്ന മനുഷ്യത്വരഹിതമായ വിവേചനം കൊണ്ടാണ് കെ സുധാകരനെ തിരുത്തുന്നതിന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ധാർമികമായി അവകാശമില്ല എന്ന് ഞാൻ കരുതുന്നത്.
ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാൻ വിഎസ് അച്യുതാനന്ദനെയും കെ ആർ ഗൗരിയമ്മയെയും മാറ്റിനിർത്തിയത് മുതൽ ഭരിച്ച സംസ്ഥാനങ്ങളിലെല്ലാം അധികാരസ്ഥാനങ്ങളിൽ പിന്നാക്കക്കാരെ തഴഞ്ഞ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളത്.
ഈഴവനായ തനിക്ക് എങ്ങനെയാണ് ഈഴവനായ മുഖ്യമന്ത്രിയെ അപമാനിക്കാൻ കഴിയുക എന്നതാണ് സുധാകരന്റെ മറുവാദം. ഈഴവനായ മുഖ്യമന്ത്രി സംസ്ഥാനം ഭരിക്കുമ്പോൾ മൂന്നുനാല് നിറത്തിലുള്ള ഗോളം വരച്ച്, ഗുരുദേവന്റെ ചിത്രം ഒഴിവാക്കി, ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ ഉണ്ടാക്കിയ നാടാണ്. അതിനെതിരെ പ്രതിഷേധിക്കാൻ അന്നു സംഘപരിവാർ സംഘടനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതും ഈ നാട് കണ്ടതാണ്. അപ്പോൾ ഈഴവർക്ക് ഈഴവരെ അധിക്ഷേപിക്കാൻ കഴിയും എന്നതാണ് സമീപകാല ചരിത്രം.
കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും അവരുടെ പാർട്ടികളുടെ മാടമ്പി സ്വഭാവത്തിനു പുറത്തേക്ക് വളരാൻ കഴിയാത്തതിനാൽ ഈഴവനായ ഒരാൾ ഈ പാർട്ടിയിൽ ചേർന്നാൽ മാടമ്പി ആകും എന്നല്ലാതെ ഈഴവ സ്വത്വത്തിൽ നിലനിൽക്കാനാവില്ല. എന്നാൽ സംഘപരിവാർ ഉയർത്തുന്ന രാഷ്ട്രീയം വ്യത്യസ്തമാണ്. ഒരു വ്യക്തി ബിജെപിക്കാരൻ ആയിരിക്കെ അയാളുടെ സാമൂഹ്യ സ്വത്വത്തെ നിലനിർത്താൻ കഴിയുന്ന തരത്തിലാണ് ബിജെപി രൂപപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് ഇത്രയധികം ജാതികളും മതങ്ങളും സമുദായങ്ങളും ഉള്ള ഇന്ത്യയിൽ ബിജെപിക്ക് സ്വാധീനമുണ്ടാക്കാൻ കഴിയുന്നത്. ബിജെപി ആരുടെയും മതത്തെയോ ജാതിയെയോ ഇല്ലാതാക്കി കളയുന്നില്ല പ്രത്യുത അവയെ കൂടി സ്വാംശീകരിച്ച് രാഷ്ട്ര നിർമ്മാണത്തിന് പ്രയോജനപ്പെടുത്തുകയാണ്. കേരളത്തിലെ പിന്നാക്ക വിഭാഗക്കാർ എങ്കിലും മനസ്സിലാക്കേണ്ട സത്യം അതാണ്.
https://www.facebook.com/SobhaSurendranOfficial/posts/2364762030314290
Discussion about this post