ഡൽഹി: വാട്സാപ്പിന് പകരം ഇന്ത്യയുടെ ‘സന്ദേശ്‘ ആപ്പ്. വാട്സാപ്പിന്റെ പുതുക്കിയ ഡേറ്റ പങ്കുവെക്കൽ നയം സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആപ്പുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. സമ്പൂർണ്ണ ഡേറ്റ സുരക്ഷ വാഗ്ദാനം ചെയ്യുന്ന ‘സന്ദേശ്‘ ആപ്പിന്റെ പരീക്ഷണ രൂപം ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിച്ച് തുടങ്ങിയതായാണ് വിവരം.
വാട്സാപ്പിന് സമാനമായ ആപ്പ് പുറത്തിറക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം തന്നെ കേന്ദ്ര സർക്കാർ ആരംഭിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ സാമൂഹിക മാധ്യമങ്ങളിൽ നിന്നും സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കുന്നതിനാണ് ഇത്തരം ഒരു ആപ്പ്ളിക്കേഷൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവരം. ആധുനിക ചാറ്റിംഗ് അപ്ലിക്കേഷനുകള്‍ക്ക് സമാനമായ വോയ്സ്, ഡാറ്റ എന്നിവയും ഇതു വഴി അയയ്ക്കാം.
ഇലക്ട്രോണിക്സ്- വിവര സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്ററാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നിലവില്‍ ആപ്പിന്റെ ഉപയോഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഫേസ്ബുക്കുമായി കൂടുതല്‍ ഡാറ്റ പങ്കിടുന്ന വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഉപഭോക്താക്കളിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ടെലിഗ്രാം പോലെയുള്ള ആപ്പുകളുടെ ഉപയോഗം സാർവത്രികമായിരുന്നു. ഈ സാഹചര്യത്തിൽ ‘സന്ദേശ്‘ ആപ്പ് ജനകീയമാകാനുള്ള സാധ്യത ഏറെയാണ്.
Discussion about this post