ഡൽഹി: വിദേശ ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് നേതാവ് റൗഫ് ഷെരീഫിനെതിരെ അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജൻസികൾ. നിലവിൽ ഹത്രാസ് കലാപശ്രമങ്ങൾക്ക് പണമെത്തിച്ച കേസിൽ യുപി പോലീസ് ഇയാളെ പ്രതി ചേർത്തിരിക്കുകയാണ്. പ്രൊഡക്ഷൻ വാറന്റിനെതിരെ റൗഫ് സമർപ്പിച്ച ഹർജിയിൽ യുപി പോലീസിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെഎം നടരാജ് ഹാജരാകും.
മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പനടക്കമുള്ളവർക്ക് കലാപ ശ്രമങ്ങൾക്ക് പണമെത്തിച്ചത് റൗഫാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടർന്ന് റൗഫിനെതിരെ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു. വാറന്റിനെതിരെ ഹൈക്കോടതിയെ സമീപിച്ച റൗഫ് തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും വാറന്റ് സ്റ്റേ ചെയ്യണമെന്നും ഹൈക്കോടതിയോടപേക്ഷിച്ചു.
എന്നാൽ റൗഫ് സമർപ്പിച്ച ഹർജിക്കെതിരെ കേന്ദ്രം നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുപി പോലീസിന്റെ വാറണ്ടിനെതിരെ റൗഫ് സമര്‍പ്പിച്ച ഹര്‍ജിയെ കേന്ദ്രം എതിര്‍ക്കും. യുപിയിലെ മഥുര കോടതിയുടെ വാറണ്ടിനെതിരെയാണ് റൗഫ് ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഹൈക്കോടതി അടുത്തയാഴ്ച പരിഗണിക്കും.
നേരത്തെ കലാപമുണ്ടാക്കാൻ ശ്രമിച്ച കേസിൽ ഉത്തർ പ്രദേശിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാവും മാധ്യമ പ്രവർത്തകനുമായ സിദ്ദിഖ് കാപ്പനെ ഹത്രാസിലേക്ക് അയച്ചത് ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെരീഫെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നൂറ് കോടിയോളം രൂപ എത്തിയെന്നും ഇഡി കണ്ടെത്തിയിരുന്നു.
Discussion about this post