രാജ്യത്തിന്റെ മനസ്സിൽ അഗാധമായ മുറിവേൽപ്പിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് രണ്ട് വർഷം. 2019 ഫെബ്രുവരി 14നായിരുന്നു സി ആർ പി എഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിന് നേർക്ക് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തിയത്. 40 ധീര സൈനികരായിരുന്നു അന്ന് രാജ്യത്തിന് വേണ്ടി ബലിദാനികളായത്.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നിൽ. 22 വയസ്സുകാരനായ ചാവേർ ഭീകരൻ ആദിൽ അഹമ്മദ് ധർ സൈനിക വാഹന വ്യൂഹത്തിന് നേർക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ വാഹനം ഓടിച്ച് കയറ്റുകയായിരുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന 78 ബസുകൾ അടങ്ങിയ സൈനിക വാഹന വ്യൂഹമായിരുന്നു ആക്രമിക്കപ്പെട്ടത്.
ഭീകരാക്രമണത്തിന്റെ മുറിവുണങ്ങും മുൻപ് ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി ഭീകരർക്കും പാകിസ്ഥാനും നൽകി. ബലാക്കോട്ടിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പിന് നേർക്ക് ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറിൽ പരം ഭീകരന്മാർ കൊല്ലപ്പെട്ടു.
പുൽവാമ ഭീകരാക്രമണം അന്താരാഷ്ട്ര നയതന്ത്ര തലത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടിയായി. അയൽരാജ്യമെന്ന നിലയിൽ ഇന്ത്യ പാകിസ്ഥാന് നൽകിയിരുന്ന പ്രത്യേക പദവി പിൻവലിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ഉറച്ച പിന്തുണ പ്രഖ്യാപിച്ചു.
വീരമൃത്യു വരിച്ച നാൽപ്പത് ധീരസൈനികരുടെ സ്മരണാർത്ഥം പുൽവാമയിലെ ലെത്പൊര സി ആർ പി എഫ് പരിശീലന ക്യാമ്പിൽ 2020 ഫെബ്രുവരി 14ന് സ്മാരകമുയർന്നു. അതിൽ വീരമൃത്യു വരിച്ച സൈനികരുടെ പേരുകൾ ആലേഖനം ചെയ്ത ചിത്രങ്ങൾക്കൊപ്പം സി ആർ പി എഫിന്റെ മുദ്രാവാക്യവും രേഖപ്പെടുത്തപ്പെട്ടു; ‘സേവയും നിഷ്ഠയും‘
Discussion about this post